ഹയർ സെക്കൻഡറി ലയനം നടപ്പിലാക്കാൻ അനുവദിക്കില്ല
1444386
Monday, August 12, 2024 11:51 PM IST
ആലപ്പുഴ: വേണ്ടത്ര ചർച്ച നടത്താതെയും യാതൊരുതരത്തിലും വ്യക്തതവരുത്താതെയും പുകമറ സൃഷ്ടിച്ച് ഹയർ സെക്കൻഡറി ലയനം നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
ഹയർ സെക്കൻഡറി ലയനം നടപ്പിലാക്കുമ്പോൾ അനധ്യാപക തസ്തികകളെ സംബന്ധിച്ച് യാതൊരുവിധ വ്യക്തതയും നടത്തിയിട്ടില്ല. പ്രീഡിഗ്രി വേർപ്പെടുത്തിയപ്പോൾ നഷ്ടമായ ലൈബ്രറിയൻ, ക്ലാർക്ക്, മീനിയൽ തസ്തികകളിൽ ജീവനക്കാരെ നിയമിക്കണമെന്ന് കെഇആർ ചട്ടവും ഇതുസംബന്ധിച്ച് കോടതിവിധികളും നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല.
യോഗ്യതയുള്ള അനധ്യാപക ജീവനക്കാർക്ക് ചട്ടപ്രകാരം ഹയർ സെക്കൻഡറിയിലേക്ക് പ്രമോഷൻ നൽകി കോടതിവിധി നടപ്പിലാക്കണം. ഹയർ സെക്കൻഡറി ലയനം ഈ വർഷം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോൾ സർവീസ് സംഘടനകളുമായി യാതൊരുവിധ ചർച്ചയും ഇതുവരെ നടന്നിട്ടില്ല.
ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ ലയനം നടപ്പിലാക്കാവൂ. കുട്ടികളുടെ എണ്ണം കുറവ് വരുന്നതുമൂലം പുറത്തു പോകേണ്ടിവരുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് കാലാകാലങ്ങളിൽ അനുപാദത്തിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും 65 വർഷം മുൻപുള്ള സ്റ്റാഫ് പാറ്റേൺ തന്നെയാണ് അനധ്യാപകരുടെ കാര്യത്തിൽ ഇപ്പോഴും തുടരുന്നത്. ഇത് കടുത്ത അനീതിയും അവഗണനയുമാണ്.
ജീവനക്കാരുടെ ജോലിഭാരം സംബന്ധിച്ച് യാതൊരുവിധ പഠനവും വകുപ്പ് തലത്തിൽ നടത്തിയിട്ടില്ല. ആയത് സംബന്ധിച്ച് പഠനം നടത്തുന്നതിന് കമ്മീഷനെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാഗേഷ് തമ്പി അധ്യക്ഷത വഹിച്ചു.