ഇതരസംസ്ഥാന തൊഴിലാളികൾ വീടുകയറി ആക്രമിച്ചെന്ന് പരാതി
1443776
Sunday, August 11, 2024 2:28 AM IST
ആലപ്പുഴ: ഇതരസംസ്ഥാന തൊഴിലാളികൾ വീടുകയറി ആക്രമിച്ചതിനെത്തു ടർന്ന് സ്ത്രീയുടെ പുറത്തും കഴുത്തിനും വലതുതോളിനും പരിക്കേറ്റു. കാക്കാഴം ലക്ഷ്മിനിവാസിൽ വിശ്വലക്ഷ്മിക്കാണ് (57) പരുക്കേറ്റത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. വ്യാഴാഴ്ച രാത്രി 11നാണ് സംഭവം. ലക്ഷ്മി നിവാസിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ രാത്രി വാക്കേറ്റവും കൈയാങ്കളിയും ഏറ്റുമുട്ടലും നടന്നു.
ഈ വിവരം ജനപ്രതിനിധിയെയും അമ്പലപ്പുഴ പോലീസിനെയും ഫോണിൽ വിളിച്ച് അറിയിച്ചതാണ് വീടുകയറി ആക്രമണത്തിൽ കലാശിച്ചത്. വിശ്വലക്ഷ്മിയുടെ വസ്ത്രങ്ങൾ വരെ അഞ്ചംഗ അക്രമിസംഘം വലിച്ചു കീറിയെന്നു പരാതിയുണ്ട്. ഇതേസമയം വിശ്വലക്ഷ്മിയും പിതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിശ്വലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു.