കൈനകരി സുരേന്ദ്രൻ അന്തരിച്ചു
1443171
Thursday, August 8, 2024 11:34 PM IST
പുന്നപ്ര: ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാറിന്റെ പിതാവും കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായ പുന്നപ്ര പറവൂർ ‘സിതാര’യിൽ കൈനകരി സുരേന്ദ്രൻ നിര്യാതനായി. 78 വയസായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ആലപ്പുഴയിലെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവും സ്കൂൾ കലോത്സവങ്ങളിൽ വിധികർത്താവുമായിരുന്നു.
1967ൽ ആലപ്പുഴ എസ്ഡി കോളജിൽനിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ നിന്ന് ബി.എഡും നേടിയ ശേഷം മലപ്പുറത്ത് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒറ്റപ്പാലത്തും ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലും അധ്യാപകനായിരുന്നു. വസന്തം, ചന്ദനഗന്ധിയായ പൊന്നുപോലെ (ലേഖന സമാഹാരങ്ങൾ), കൊന്നപ്പൂക്കൾ (കവിതാ സമാഹാരം), വഞ്ചിപ്പാട്ട്, ജലോത്സവങ്ങളുടെ നാട്ടിൽ, നാടൻപാട്ടുകൾ; സാഹിത്യ മരതകങ്ങൾ (പഠനങ്ങൾ). ‘കഥാപ്രസംഗകലയുടെ നാൾവഴികൾ’ എന്ന കൃതിക്ക് കഥാപ്രസംഗ അക്കാദമി അവാർഡ് ലഭിച്ചു. കെ.എം രാജമ്മയാണ് ഭാര്യ. മക്കൾ: സുദീപ് കുമാർ, സുധീഷ് കുമാർ. മരുമക്കൾ: കലാമണ്ഡലം സോഫിയ, മായമോൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.