എടത്വ സെന്റ് അലോഷ്യസ് കോളജില്‍ വജ്രജൂബിലി ആഘോഷത്തിനു തുടക്കം
1437360
Friday, July 19, 2024 10:50 PM IST
എടത്വ: കുട്ടനാട്ടിലെ ഏക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജാ യ എടത്വ സെന്റ് അലോഷ്യസ് കോളജില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം. ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ പ്രസക്തമാകണമെങ്കില്‍ കാലത്തിനു മുന്‍പേ സഞ്ചരിക്കാന്‍ പ്രാപ്തരാകണമെന്നും അതിനു ശക്തവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടനാട്ടിലെ ജനങ്ങള്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പ്രധാനകാരണം ഈ നാട്ടിലെ ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് ദീര്‍ഘവീക്ഷണവും ധൈര്യവുമുള്ള ജനസമൂഹവും സഭാ നേതൃത്വവുമുള്ളതുകൊണ്ടാണ് മൂല്യങ്ങള്‍ പകര്ന്നുനല്കാന് ശേഷിയുള്ള സെന്റ് അലോഷ്യസ് കോളജ് ഇവിടെ സ്ഥാപിച്ചതെന്നും വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇടയായതെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടനാടിനെക്കുറിച്ച് പഠിക്കാന്‍ ധാരാളം സമിതികള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതിനായി പരിസ്ഥിതി സൗഹൃദ ഗവേഷണങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കോളജ് മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. ലോഗോയുടെ പ്രകാശനവും കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയ അഞ്ചു ഭവനങ്ങളുടെ താക്കോല്‍ ദാനവും മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.സി. അനിയന്‍കുഞ്ഞ്, ജെയ്സപ്പന്‍ മത്തായി, ഗവേണിംഗ് ബോഡി പ്രതിനിധി പ്രഫ. പി.വി. ജെറോം, പ്രഫ. ജോര്‍ജ് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാന്റി ജോസഫ്, ഡോ. ബിറ്റു ആന്‍ ചാക്കോ, സുവി പി. ജോസഫ്, സ്വാതി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.