കലിയടങ്ങാതെ കാറ്റ്...
1436590
Tuesday, July 16, 2024 11:31 PM IST
ചേര്‍ത്തലയില്‍ വ്യാപകനാശം
ചേര്‍ത്തല: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി താലൂക്കില്‍ തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും മരംവീണു 27 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അപകടങ്ങളില്‍ വയലാര്‍, അരൂക്കുറ്റി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി മൂന്നുപേര്‍ക്കു നിസാര പരിക്കേറ്റിട്ടുണ്ട്. തോരാമഴയില്‍ വിവിധ പഞ്ചായത്തുകളിലായി മൂവായിരത്തോളം വീടുകള്‍ വെള്ളക്കെട്ടു ഭീഷണിയിലായി.
ഒറ്റമശേരിയിലും അര്‍ത്തുങ്കലിലും കടലേറ്റവും ഭീഷണിയുയര്‍ത്തുന്നുണ്ട്. അരൂര്‍, പാണാവള്ളി, എഴുപുന്ന, മാരാരിക്കുളം വടക്ക്, അരൂക്കുറ്റി, വയലാര്‍, പട്ടണക്കാട്, കോടംതുരുത്ത്, ചേര്‍ത്തലതെക്ക്, തണ്ണീര്‍മുക്കം, ചേര്ത്തലവടക്ക് തുടങ്ങിയ വില്ലേജുകളിലായാണ് വീടുകള്‍ തകര്‍ന്നത്. തകര്‍ന്ന വീടുകള്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. വിവിധയിടങ്ങളില്‍ വ്യാപകമായി ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. വയലാർ പഞ്ചായത്ത് മൂന്നാം വാർഡ് കോടാരത്തിൽ കെ.ജി. സനീഷ്കുമാറിന്റെ വീടിനു മുകളിലാണ് ആഞ്ഞിലിമരം കടപുഴകി വീണത്. ആളപായമുണ്ടായില്ല. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. ഏകദേശം ഒരുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സനീഷ് കുമാർ പറഞ്ഞു.
എടത്വ: ആഞ്ഞിലി മരംവീണു വീടു തകര്‍ന്നു. പിഞ്ചുകുട്ടികള്‍ അടക്കം ഉറങ്ങിക്കിടന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വദനശേരില് വീട്ടില്‍ ബാലന് നായരുടെ ഓടുമേഞ്ഞ വീടിനു മുകളിലേക്കാണ് ആഞ്ഞിലിമരം കടപുഴകി വീണത്. ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടം. വീട് ഭാഗികമായി തകര്‍ന്നു.
മരം വീഴുമ്പോള്‍ ബാലന് നാര്, ഭാര്യ കുസുമകുമാരി, മകള്‍ ദീപ്തി ബി. നായര്‍, കൊച്ചുമക്കളായ ജയവര്ധിനി, ഇന്ദുജ പാര്‍വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്നവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു.
അമ്പലപ്പുഴ: കാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് പത്തിൽപറമ്പിൽ ജമീലയുടെ വീടാണ് തകർന്നത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീടിനു മുകളിലേക്ക് വീണത്. ആർക്കും പരിക്കില്ല.
പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡ് തോട്ടപ്പള്ളി കൃഷ്ണൻചിറ അഖിൽ ഭവനത്തിൽ ബേബിയുടെ വീട് ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ തകർന്നത്. വീട്ടിലുണ്ടായിരുന്ന ബേബിയുടെ ഭാര്യ അനിത, മകൻ അഖിൽ, അഖിലിന്റെ മൂന്നു വയസുള്ള മകൾ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പഞ്ചായത്ത് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ അസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. ഭിത്തികൾക്ക് വിള്ളൽ വീണ് വീഴാറായ നിലയിലാണ്.
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ മൂന്നു വീടുകൾ പൂർണമായി തകരുകയും 22 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കീരിക്കാട് വില്ലേജിൽ ആറു വീടുകളും കരുവാറ്റ, കായംകുളം വില്ലേജുകളിൽ മൂന്നു വീടുകളും പത്തിയൂർ, കായംകുളം, ഹരിപ്പാട്, പള്ളിപ്പാട് വില്ലേജുകളിൽ രണ്ടു വീടുകളും ചിങ്ങോലി, കൃഷ്ണപുരം, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചെറുതന വില്ലേജുകളിൽ ഓരോ വീടുകൾ വീതവും തകർന്നു. പള്ളിപ്പാട് പുത്തൻപുരയിൽ രാജപ്പൻ, കരുവാറ്റ നടുക്കേവീട്ടിൽ മണിയൻ, കീരിക്കാട് കായംകുളം എംഎസ്എം കോളജിന് പടിഞ്ഞാറ് തങ്കം വില്ലയിൽ ഷാജിമോൻ എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്.
വിയപുരം, കുമാരപുരം, ചെറുതന, പള്ളിപ്പാട്, മുതുകുളം പ്രദേശങ്ങളിലെ താഴ്ന്ന റോഡുകൾ പലതും വെള്ളത്തിലായി. കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവു കാരണം വീയപുരം ഭാഗങ്ങളിലെ നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ് വരും ദിവസങ്ങളിൽ ഇതേരീതിയിൽ മഴ തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മഴയോടൊപ്പം ശക്തമായ കാറ്റിൽ പല സ്ഥലങ്ങളിലും വൈദ്യുതി തടസം നേരിട്ടു. മരച്ചില്ലകൾ ഒടിഞ്ഞു വൈദ്യുതി പോസ്റ്റിനു മുകളിലേക്ക് വീണ് കമ്പികൾ പൊട്ടിയതാണ് വൈദ്യുതി തകരാറിന് കാരണമായത്.
ഹരിപ്പാട് അരണപ്പുറത്ത് നല്ലവീട്ടിൽ പുത്തൻവീട്ടിൽ രാജപ്പന്റെ വീടിനു മുകളിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ചിങ്ങോലി പിഎച്ച്സി റോഡിൽ ആമ്പാടി ജംഗ്ഷന് പടിഞ്ഞാറു വെദ്യുതിക്കമ്പിക്കു മുകളിലേക്ക് മരം വീണ് രണ്ടു വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. റോഡിന് വടക്കുവശം നിന്നിരുന്ന തേക്കാണ് ഒടിഞ്ഞുവീണത്. ഇത് ഗതാഗത, വൈദ്യുതി തടസത്തിനു കാരണമായി. പ്രദേശത്തെ യുവാക്കളും കെഎസ്ഇബി ജീവനക്കാരും ചേർന്ന് വെട്ടിമാറ്റി രാത്രി തന്നെ റോഡ് സഞ്ചാരയോഗ്യമാക്കി.
ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവ് ശങ്കരമംഗലത്ത് ശശി വൈദ്യന്റെ വീടിന്റെ ഒരു ഭാഗം കാറ്റിൽ തകർന്നു വീണു. രണ്ടു മുറികൾക്കു നാശമുണ്ടായി. സമീപത്തുള്ള മറ്റൊരു വീടിന്റെ ഓടുകളും പറന്നുപോയി. മുതുകുളം കെഎസ്ഇബി സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഒട്ടേറെ സ്ഥലങ്ങളിൽ 11 കെവി ലൈനുൾപ്പെടെ പൊട്ടിവീണ് വൈദ്യുതി തടസവുമുണ്ടായി.