ചെറിയനാട് റെയില്‍വേ സ്റ്റേഷന് വികസനം പാളം തൊട്ടില്ല
1422954
Thursday, May 16, 2024 11:47 PM IST
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി റെയില്‍വേ പ്രഖ്യാപിച്ച പദ്ധതികളൊന്നും പാളം തൊട്ടില്ല. റെയില്‍വേയുടെ 36 ഏക്കര്‍ വരുന്ന പദ്ധതി പ്രദേശം കാടുപിടിച്ചു കിടക്കുന്നു. സാമൂഹിക വിരുദ്ധര്‍ ഇവിടം താവളമാക്കിയിരിക്കുകയാണ്.
ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കാനൊരുങ്ങുന്ന ചെങ്ങന്നൂരിന്റെ സാറ്റ്ലൈറ്റ് സ്റ്റേഷനാക്കി ഇതിനെ മാറ്റാന്‍ കഴിയും. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍നിന്ന് റെയില്‍വേ ലൈന്‍വഴി അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ് ചെറിയനാട് സ്റ്റേഷന്. അച്ചന്‍കോവിലാറിന്റെ സാമിപ്യമുള്ളതിനാല്‍ ട്രെയിനുകളില്‍ ജലം നിറയ്ക്കാന്‍ കഴിയുന്ന ഫില്ലിംഗ്് സ്റ്റേഷനായി ചെറിയനാടിനെ മാറ്റാനാവും. ഈ റിപ്പോര്‍ട്ട് ഇപ്പോഴും പൊടിപിടിച്ചുകിടക്കുകയാണ്.
കനത്ത വേനലിനെത്തുടര്‍ന്ന് റെയില്‍വേയും ജലപ്രതിസന്ധി നേരിടുന്നുണ്ട്. ശബരിമല തീര്ഥാടകര്കൂടിയെത്തുമ്പോള് പ്രധാന സ്റ്റേഷനായ ചെങ്ങന്നൂരില്‍ ശുദ്ധജലം വലിയ പ്രതിസന്ധിയായി മാറുമെന്നുറപ്പ്. ചെറിയനാടിനെ ഫില്ലിംഗ്് സ്റ്റേഷനാക്കുന്നതോടെ ഈപ്രതിസന്ധിക്കുകൂടി പരിഹാരമാകും.
പിറ്റ് ലൈനുകളുള്‍പ്പെടെ നിര്‍മിച്ചാല്‍ ഹാള്‍ട്ടിംഗ് സ്റ്റേഷനായും ചെറിയാനാടിനെ മാറ്റാന്‍ കഴിയും. ചെങ്ങന്നൂരില്‍ പിറ്റ് ലൈനുകളില്ലാത്തതിനാല്‍ ചെങ്ങന്നൂരില്‍ യാത്ര അവസാനിപ്പിക്കേണ്ട തിരുപ്പതി ട്രെയിന്‍ കൊല്ലം വരെയാക്കുകയായിരുന്നു. തീര്‍ഥാടനകേന്ദ്രങ്ങളായ ചെങ്ങന്നൂരിനെയും തിരുപ്പതിയെയും ബന്ധിച്ചാണ് ഈ സര്‍വീസ് വിഭാവനം ചെയ്തത്. നിലവില്‍ പാസഞ്ചര്‍, വേണാട് ട്രെയിനുകള്‍ക്കാണ് ചെറിയനാട്ട് സ്റ്റോപ്പുള്ളത്.
ചെറിയനാട് റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട് നിരവധി ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ല. ശീതീകരിച്ച പഴം, പച്ചക്കറി ഗോഡൗണ്‍ സ്ഥാപിക്കാന്‍ 2015-ലെ റെയില്‍വേ ബജറ്റില്‍ 40 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി തുടക്കത്തിലേ പൊളിഞ്ഞു. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനു കീഴില്‍ ഗോഡൗണ്‍ സ്ഥാപിക്കാനായിരുന്നു പദ്ധതി.
സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികള്‍ കൊണ്ടുപിടിച്ചുനടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ നേതൃത്വത്തില്‍ യോഗങ്ങളും ചേര്‍ന്നു. എന്നാല്‍, പദ്ധതി മാത്രം വന്നില്ല. ഇതിനു മുന്‍പു റെയില്‍നീര്‍ കുപ്പിവെള്ള ഫാക്റി സ്ഥാപിക്കുന്നതിനു സ്ഥലം ഉപയോഗപ്പെടുത്താനും റെയില്‍വേ ആശുപ്രതിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ടു തുടങ്ങാനം ആലോചിച്ചെങ്കിലും അതും പാഴ്വാക്കായി.
ശബരിമലയുടെ കവാടമായി റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് എന്നതിനാല്‍ തീര്‍ഥാടക വിശ്രമകേന്ദ്രം നിര്‍മിക്കാനും സ്ഥലം ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ ഫ്ളാഗ് സ്റ്റേഷനായ ഇവിടം ക്രോസിംഗ് സ്റ്റേഷനാക്കി ഉയര്‍ത്തിയാല്‍ കൂടുതല്‍ റെയില്‍ പാളങ്ങള്‍ നിര്‍മിക്കുകയും ട്രെയിനുകളുടെ ഹാള്‍ട്ടിംഗ് സ്റ്റേഷനാക്കുകയും (ബ്ലോക്ക് സ്റ്റേഷന്) ചെയ്യാം.
ചെറിയനാടിനു പുറമേ തഴക്കര, വെണ്മണി, പുലിയൂര്, ബുധനൂര്‍ പഞ്ചായത്തുകള്‍ക്കും പ്രയോജനപ്പെടുന്നുണ്ട് സ്റ്റേഷന്. വേണാട് എക്സ്പ്രസില്‍ കയറാനായി പന്തളം ഭാഗത്തു നിന്നുള്ളവര്‍ പോലും ചെറിയനാട്ടെത്തുന്നുണ്ട്. പന്തളം മാവേലിക്കര റൂട്ടില്‍നിന്നു കൊച്ചാലുംമൂട് വഴി തിരിഞ്ഞു ചെറിയനാട്ടെത്താം എന്നതാണ് ഇവര്‍ക്കു സൗകര്യമാകുന്നത്.
ചെങ്ങന്നൂരിന്റെ സൗത്ത് സ്റ്റേഷനായി മാറ്റുക റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചെറിയനാടിനുണ്ട്. 36 ഏക്കര്‍ വരുന്ന നിര്‍ദിഷ്ട പദ്ധതിപ്രദേശം വികസനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പക്ഷം പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിയും.