എല്ലാവരേയും നേരിട്ടറിയാവുന്ന കൊടിക്കുന്നില്‍ സുരേഷ്
1417966
Sunday, April 21, 2024 11:22 PM IST
പത്തനാപുരം മണ്ഡലത്തിലെ ഒരു നാട്ടിന്‍പുറം. കത്തിജ്വലിക്കാനൊരുങ്ങി സൂര്യന് രാവിലെതന്നെയെത്തി. പത്തനാപുരത്തെ പള്ളിമുക്ക് ജംഗ്ഷന് പതിവില്‍ കവിഞ്ഞ് അലംകൃതമായിരിക്കുന്നു. ത്രിവര്‍ണ കൊടിയും തോരണങ്ങളും കൊണ്ട് ജംഗ്ഷന് അലങ്കരിച്ചിരിക്കുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ പ്രചാരണബോര്‍ഡുകള്‍ എങ്ങും വച്ചിട്ടുണ്ട്.
മാവേലിക്കര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് പത്തനാപുരം മണ്ഡലത്തില്‍ മൂന്നാംഘട്ട പര്യടനത്തിനു തുടക്കം കുറിക്കുന്നത് പള്ളിമുക്കില്‍നിന്നാണ്. പര്യടന പരിപാടി കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയര്മാന് രാധ മോഹനന് അധ്യക്ഷത വഹിച്ചു.
ഇവിടെ കൂടിയ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരഷ് പരിചയം പുതുക്കി എല്ലാവര്ക്കും ഹസ്തദാനം നടത്തുന്നു. ഭൂരിപക്ഷം പേരെയും നേരിട്ടറിയാമെന്ന പ്രത്യേകത ഈ സ്ഥാനാര്‍ഥിയെ കൂടുതല്‍ ജനകീയനാക്കുന്നു. തുറന്ന വാഹനത്തിലേക്കു കയറുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി കൈവീശലും കൈതൊഴലും. പിന്നീട് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.
പര്യടനം ഇടത്തറയില്‍ എത്തിയപ്പോള്‍ സ്വീകരണ പരിപാടിക്ക് ആവേശം പകര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം സ്ഥാനാര്‍ഥിയോടൊപ്പം ചേര്‍ന്നു. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി രാഹുല്‍ മങ്കൂട്ടത്തില്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യമാണ്.
രാഹുല്‍ ഗാന്ധി നേതൃത്വം നല്കുന്ന കേന്ദ്രമന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനത്ത് മാവേലിക്കരയുടെ അഭിമാനമായ കൊടിക്കുന്നില്‍ സുരേഷ് ഉണ്ടാകുമെന്നും മങ്കൂട്ടത്തില്‍ പറഞ്ഞു. മങ്കൂട്ടത്തിലും പ്രചാരണ വാഹനത്തിന് ഒപ്പം ചേര്‍ന്നു. സ്വീകരണ കേന്ദ്രങ്ങളി ലെല്ലാം ഉജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്. 40 ഓളം കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടി അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.