ആവേശം ചോരാതെ മൂന്നാംഘട്ട പര്യടനം
1416995
Thursday, April 18, 2024 12:03 AM IST
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുല്ലയ്ക്കല് മണ്ഡലത്തിലെ ബൂത്ത് നമ്പര്‍-മൂന്നിലെ കുടുംബസംഗമം സംഘടിപ്പിച്ചു. സംഗമം മഹാരാഷ്ട്ര ഡിസിസി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ഉദ്ഘാടനം ചെയ്തു.
നസിം ചെമ്പകപള്ളി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ്, കിഷോര്‍ ബാബു, പി.ജെ. മാത്യു, സുനില്‍ ജോര്‍ജ്, ഷോളി സിദ്ധകുമാര്‍, സി. ചന്ദ്രന്, സിദ്ദിഖ്, പ്രഫ. സേതുരവി, കെ. നൂറുദ്ദീന്‍കോയ, സൈഫുദ്ദീന്, ഗുല്‍ഷന്‍ തുടങ്ങിയ പ്രസംഗിച്ചു.
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫിന്റെ ഹരിപ്പാട് മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന് ആവേശത്തോടെ തുടക്കമായി. പര്യടനം താമല്ലാക്കലില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത ഉദ്ഘാടനംചെയ്തു. ചെന്നാട് കോളനിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. പഴയചിറയിലെ സ്വീകരണ കേന്ദ്രത്തില്‍ കൈകൊട്ടിക്കളിയോടെയാണ് ആരിഫിനെ വരവേറ്റത്.
കാര്‍ത്തികപ്പള്ളി പള്ളേമ്പിക്കാവ്, ചിങ്ങോലി വെള്ളിശേരി, മുതുകുളം ആമ്പക്കുടി ലക്ഷംവീട് കോളനി, കൊല്ലംമുറി തെക്ക്, ചിങ്ങോലി കാട്ടില്‍ ലക്ഷം വീട് കോളനി, കുഴിവേലി മുക്ക്, ചേപ്പാട് ചിറ്റൂര്‍, പള്ളിപ്പാട് വഴുതാനം, അകവൂര്‍ മഠം, അരുണപ്പുറം, കാര്‍ത്തികപ്പള്ളി ബഥേല്‍ ജംഗ്ഷന്, പുത്തന്‍പുര ലക്ഷം വീട് കോളനി, കുഴിക്കുളങ്ങര, ആനാരി പള്ളിമുക്ക്, വടക്കേക്കര, കരുവാറ്റ പുത്തന്‍വീട്ടില്‍, വാഴക്കൂട്ടം, പ്ലാംപറമ്പ്, പല്ലന കുറ്റിക്കാട്ട് ചേലക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പെരുമ്പള്ളിയില്‍ പര്യടനം സമാപിച്ചു.
ചെങ്ങന്നൂര്‍: മാവേലിക്കര പാര്‍ലമെന്റിലെ സ്ഥാനാര്‍ഥികള്‍ മൂന്നാം ഘട്ട പര്യടനവും പൂര്‍ത്തിയാക്കി. പര്യടന പരിപാടിയുടെ അവസാന ഘട്ടമെന്ന നിലയില്‍ മൂന്നാംഘട്ട പ്രചാരണത്തിന് ആവേശമേറെയാണ്. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും ഇന്നലെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തിയെന്ന പ്രത്യേകതയുമുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ ചെങ്ങന്നൂരിലെ മൂന്നാം ഘട്ടം പര്യടനം ചെങ്ങന്നൂരിലാണ് ആരംഭിച്ചത്. വെണ്മണി കല്യാത്ര ജംഗ്ഷനില്‍ മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെണ്മണി, ആല, മുളക്കുഴ പഞ്ചായത്തുകളിലെ നടക്കുന്ന പര്യടനത്തിനുശേഷം അറന്തകാട് ജംഗ്ഷനില്‍ സമാപിച്ചു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥ സി.എ. അരുണ്‍കുമാര്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലാണ് മൂന്നാം ഘട്ട പ്രചാരണം നടത്തിയത്. ചെങ്ങന്നൂര്‍ മുളക്കുഴ വായനശാലാ ജംഗ്ഷനില്‍നിന്നാണ് പര്യടനം തുടങ്ങിയത്.
മാത്യു ടി. തോമസ് എംഎല്‍എ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഉച്ചയോടെ പേരിശേരിയില് സമാപിച്ചു. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കറുത്തേടത്തുനിന്നും ആരംഭിച്ചു. ചെറുകോല്‍, വാഴ കൂട്ടംകടവ് തുടങ്ങിയ 20 ഓളം സ്വീകരണ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട് പുല്ലംന്താനത്ത് സമാപിച്ചു. സമാപന സമ്മേളനം ആര്‍ജെഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേല്‍ ഉത്ഘാടനം ചെയ്തു.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ പര്യടന സ്വീകരണ പരിപാടി ആലാ അത്തലക്കടവ് ജംഗ്ഷനില്‍ ബിജെപി മേഖല വൈസ് പ്രസിഡന്റ് എന്‍. പി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മണക്കാല, സൂര്യ അരുണ്‍, രാധമ്മ. സി തുടങ്ങിയവര്‍ പങ്കെടുത്തു. ആലാ, വെണ്മണി, മുളക്കുഴ എന്നീ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.
ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥനാര്‍ഥിയായ ശോഭാ സുരേന്ദ്രന് അമ്പലപ്പുഴ മണ്ഡലത്തില്‍ പ്രാരണം നടത്തി. തോട്ടപ്പള്ളിയിലെ മണ്ണും പുറം കോളനിയില്‍നിന്ന് ആരംഭിച്ച പ്രചാരണം പഴയങ്ങാടി പടിഞ്ഞാറ്, പുറക്കാട് വളപ്പില്‍, കരുമാടിയില്‍ സമാപിച്ചു. നേരത്തെ ആലപ്പുഴ നിയോജകമണ്ഡലത്തിലെ കണ്ടല്ലൂര്‍ പഞ്ചായത്ത്, പൈപ്പ് മുക്ക്, പുല്ലുകുളങ്ങര, മൂലശേരി, എന്നിവിടങ്ങളിലും ഇന്നു പര്യടനം നടത്തിയിരുന്നു.