സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
1340002
Tuesday, October 3, 2023 11:51 PM IST
മാന്നാർ: മാന്നാറിൽ സ്കൂട്ടർ അപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര തെക്ക് അറവുകാട് പുത്തൻ വിളി അജയന്റെ ഭാര്യ ശ്രീലത(47)യാണ് മരിച്ചത്.
കുട്ടംപേരൂർ മുട്ടേൽ പള്ളിക്കു സമീപം ഓഗസ്റ്റ് 30ന് മകളോടൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ ശ്രീലത സഞ്ചരിച്ച സ്കൂട്ടർ സൈക്കിളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിനു പിന്നിൽ ഇരുന്ന ശ്രീലത തലയിടിച്ചു വീണ് ഗുരുതരമായി പരിക്കു പറ്റി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ശ്രീലതയുടെ മൂത്ത മകൾ അക്ഷയ (23) ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടംപേരൂർ തുണ്ടുപറമ്പിൽ വിജയ(63)നും പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാർ പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. മാന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.