കുടിവെള്ളം പാഴാകുന്നു; തിരിഞ്ഞുനോക്കാതെ അധികൃതർ
1338780
Wednesday, September 27, 2023 10:41 PM IST
അമ്പലപ്പുഴ: പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. പരാതി അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ. അമ്പലപ്പുഴ കച്ചേരി മുക്കിനു തെക്ക് ഭാഗം ഡിവൈഡർ അവസാനിക്കുന്നതിന്റെ കിഴക്കു ഭാഗത്തായാണ് പൈപ്പുലൈൻ പൊട്ടിയത്. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് നടന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴായത്.
ഇതോടെ പ്രദേശമാകെ പ്രളയമായി മാറി. തൊട്ടടുത്ത ചെറുറോഡിലൂടെ ലക്ഷക്കണക്കിനു ലിറ്റർ കുടിവെള്ളം സമീപത്തെ പുരയിടങ്ങളിലേക്കും കടകളുടെ മുന്നിലും ഒഴുകിക്കെട്ടിക്കിടക്കുകയാണ്. വൻതോതിൽ കുടിവെള്ളം പാഴാകുന്നത് വാട്ടർ അഥോറിറ്റി അധികൃതരെ അറിയിച്ചിട്ടും ഇതുവരെ പരിഹാരമായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പല സ്ഥലത്തും ഇതേരീതിയിൽ നിർമാണപ്രവർത്തനം നടക്കുന്നതിനിടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നതു പതിവായിരിക്കുകയാണ്.