ജില്ലാ കൃഷിത്തോട്ടത്തിലെ സ്ഥലം ഹോർട്ടികോർപ്പിന്: പ്രതിഷേധം ശക്തം
1337850
Saturday, September 23, 2023 11:34 PM IST
മാങ്കാംകുഴി: ജില്ലാ കൃഷിത്തോട്ടത്തിലെ രണ്ടര ഏക്കർ സ്ഥലം കൂടി ഹോർട്ടികോർപിനു വിട്ടു നൽകാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊഴിലാളികൾക്കു തൊഴിൽ നഷ്ടമാകുമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസും ഫാം വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസിയും പ്രതിഷേധ സമരവുമായി രംഗത്തെത്തി.
സംസ്ഥാന കൃഷിവകുപ്പിന്റെ അധീനതയിൽ തഴക്കര പഞ്ചായത്തിലെ കോട്ടമുക്ക് കല്ലിമേലാണ് നൂറേക്കർ ജില്ലാ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത്. അത്യുൽപാദന ശേഷിയുള്ള തൈകൾ ഉദ്പാദിപ്പിച്ചു വിതരണം ചെയ്യുക, കൃഷി ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെ നൂറേക്കർ സ്ഥലം ഏറ്റെടുത്ത് 1964ലാണു കൃഷിത്തോട്ടം ആരംഭിച്ചത്.
പിന്നീട് ഇതിൽ നിന്നു ഒൻപതേമുക്കാൽ ഏക്കർ സ്ഥലം പമ്പ ജലസേചന പദ്ധതി കനാലിനു വിട്ടു നൽകി. ബാക്കിയുള്ള സ്ഥലത്തിൽ രണ്ടര ഏക്കർ സ്ഥലം കെ.ആർ. ഗൗരിയമ്മ കൃഷി മന്ത്രിയായിരിക്കെ ഹോർട്ടികോർപിനു തേനീച്ച വളർത്തൽ കേന്ദ്രം ആരംഭിക്കാനായി അഞ്ചു വർഷ കരാറിൽ നൽകിയിരുന്നു.
ഹണിപാർക്ക്
ഹോർട്ടികോർപിനു തേനീച്ച വളർത്തൽ കേന്ദ്രം ആരംഭിക്കാനായി അഞ്ചു വർഷ കരാറിൽ നൽകിയിരുന്ന സ്ഥലം തിരികെ വാങ്ങിയില്ല.
ഇവിടെ ആധുനിക മെഷീനുകൾ ക്രമീകരിച്ചു തേൻ, തേനിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും നിർമാണം ആരംഭിച്ച് ഹണിപാർക്കായി പ്രവർത്തിക്കുകയാണ്.
ഹോർട്ടികോർപ് പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായാണ് രണ്ടര ഏക്കർ സ്ഥലം കൂടി അധികമായി നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്.
ജില്ലാ കൃഷിത്തോട്ടത്തെ
നശിപ്പിക്കും
ജില്ലാ കൃഷിത്തോട്ടം സ്ഥാപിച്ചതിന്റെ ഉദ്ദേശത്തെ നശിപ്പിക്കുന്ന വിധം സ്ഥലം കൈമാറ്റം ചെയ്യാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നു ഫാം വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി നേതാക്കന്മാർ പറഞ്ഞു. ജില്ലാ കൃഷിത്തോട്ടത്തിൽ നിലവിൽ 90 തൊഴിലാളികളാണു ജോലി ചെയ്യുന്നത്. 1990ൽ കൃഷിത്തോട്ടത്തിന്റെ വിസ്തീർണം, ഉൽപാദനം എന്നിവ കണക്കാക്കി 58 പേരെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ചു.
ബാക്കിയുള്ളവർ കാഷ്വൽ തൊഴിലാളികളാണ്. കൃഷിത്തോട്ടത്തിന്റെ സ്ഥലം മറ്റു കാര്യങ്ങൾക്കായി നൽകിയാൽ തുടർന്നു വരുന്ന തൊഴിലാളി നിർണയത്തിൽ വർഷങ്ങളായി ജോലി ചെയ്യുന്ന 32 കാഷ്വൽ തൊഴിലാളികൾ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണു ഫാം വർക്കേഴ്സ് ഫെഡറേഷൻ ഐഎൻടിയുസി നേതാക്കൾ പറയുന്നത്