നഷ്ടപരിഹാരത്തുക കൈമാറി
1301683
Sunday, June 11, 2023 2:19 AM IST
മാവേലിക്കര: വാഹനാപകടത്തില്‍ മരിച്ച പത്തിയൂര്‍ മേനാമ്പള്ളില്‍ ശ്രേയസില്‍ ശ്രീനാഥ് എസ്. പിള്ളയുടെ കുടുംബാംഗങ്ങള്‍ക്ക് 69,50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. 2019 ജൂണ്ആറിന് ശ്രീനാഥ് എസ്. പിള്ള യാത്ര ചെയ്ത മോട്ടോര്‍ സൈക്കിളില്‍ അതിവേഗത്തിലും അശ്രദ്ധമായും വന്ന ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
മാവേലിക്കര മോട്ടോര്‍ അപകട നഷ്ടപരിഹാര കോടതി മുമ്പാകെ അഡ്വ.കെ.ആര്. മുരളീധരന് മുഖേന ഫയല്‍ ചെയ്ത ഹര്‍ജി താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റി നടത്തിയ അദാലത്തില്‍ തീര്‍പ്പാക്കി നഷ്ടപരിഹാരത്തുകയുടെ രേഖ ഇന്നലെ നടന്ന ദേശീയ മെഗാ അദാലത്തില്‍ കൈമാറുകയായിരുന്നു.
താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജ് വി.ജി. ശ്രീദേവിയാണ് തുകയുടെ രേഖ അവകാശികള്‍ക്ക് കൈമാറിയത്. മാവേലിക്കര എംഎസിടി കോടതി ജഡ്ജ് കെ.എന്‍. അജിത്ത് കുമാര്‍, യുണൈറ്റഡ് ഇന്ത്യ അഷുറന്‍സ് കമ്പനി കോട്ടയം സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശ്രീനിവാസ് ആദിത്യ, കമ്പനിയുടെ അഭിഭാഷകന് ഉമ്മന്‍ തോമസ്, ബാര്‍ അസോസിയേഷന് സെക്രട്ടറി ഹരികൃഷ്ണന് ബി.എസ്, താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റി ചുമതലക്കാര്‍ എന്നിവര്‍ പങ്കെടുത്തു.