ലോക സമുദ്രദിനം: സമുദ്രമാലിന്യ സർവേ സംഘടിപ്പിച്ചു
1301418
Friday, June 9, 2023 11:12 PM IST
ആലപ്പുഴ: സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരളാ ഫിഷറീസ് വകുപ്പ്, സനാതനധർമ കോളജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക സമുദ്ര ദിനത്തിൽ സമഗ്രതീര ശുചീകരണ പദ്ധതിയുടെയും സമുദ്ര മാലിന്യ സർവേയുടെയും ജില്ലാതല സർവേ ആലപ്പുഴ ബീച്ചിൽ നടന്നു. പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിൻഡിക്കറ്റ് അംഗം അഡ്വ. കെ.എച്ച്. ബാബുജൻ അധ്യക്ഷത വഹിച്ചു. എസ്ഡി കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ജി. നാഗേന്ദ്രപ്രഭു അക്വാട്ടിക്ക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എസ്ഡി കോളജിലെ എക്കോക്ലബിലെയും ഗ്രീൻ ആർമിയിലെയും നാല്പതോളം വിദ്യാർഥികൾ, ജീവനക്കാർ എന്നിവർ ശുചീകരണവും സമുദ്രമാലിന്യ സർവേയും നടത്തി.
മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമ സേനയ്ക്ക് കൈമാറി. കേരള സർവകലാശാല യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് പ്ലസ് പദ്ധതിയുടെ ധനസഹായത്തോടെ ഇന്ത്യയിൽ നടന്നുവരുന്ന ഇക്കോമറൈൻ പ്രോജക്ട് ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.