മങ്കൊമ്പ്: പതിനഞ്ചു വർഷമായി താമസിച്ചിരുന്ന വീട് ഒരു നിമിഷം കൊണ്ട് നിലം പതിച്ചത് നിസഹായതയോടെ നോക്കിനിൽക്കാനേ ചമ്പക്കുളം സ്വദേശി ജി. ഓമനക്കുട്ടന് അന്നായുള്ളു. 2018 -ലെ മഹാപ്രളയത്തിൽ വീട് പൂർണമായും നശിച്ചതിനെത്തുടർന്ന് പുതിയ വീട് നിർമിക്കാനായി സഹായം തേടിയാണ് കുട്ടനാട് താലൂക്ക്തല അദാലത്തിലെത്തിയത്. പുതിയ വീട് നിർമിക്കാനായി അനുവദിച്ച 10 ലക്ഷം രൂപ മന്ത്രി സജി ചെറിയാനും മന്ത്രി പി. പ്രസാദും ചേർന്ന് ഓമനക്കുട്ടന് അദാലത്ത് വേദിയിൽ കൈമാറി. ആറു ലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും നാലുലക്ഷം രൂപ വീട് നിർമിക്കുന്നതിനുമാണ് ലഭിച്ചത്. എത്രയും വേഗം നിർമാണം പൂർത്തിയാക്കി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലേക്ക് മാറാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഓമനക്കുട്ടൻ അദാലത്ത് വേദിയിൽനിന്നു മടങ്ങിയത്.