പ്രതിഷേധക്കടലായി കുട്ടനാട്
1300866
Wednesday, June 7, 2023 11:03 PM IST
നെല്ലുവില: രോഷവുമായി നൂറുകണക്കിനാളുകൾ
മങ്കൊമ്പ്: ജനങ്ങളുടെ ആവശ്യങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടന്ന മങ്കൊമ്പ് താലൂക്കാസ്ഥാനവും പരിസരവും അക്ഷരാർഥത്തിൽ ഇന്നലെ പ്രതിഷേധക്കടലായി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ യുഡിഎഫും കർഷക സംഘടനയായ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുമാണ് ഇന്നലെ വ്യത്യസ്ത സമരങ്ങൾ അരങ്ങേറിയത്.
ഇതിൽ കർഷകരും പാടശേഖര സമിതികളും നേതൃത്വം നൽകുന്ന നെൽകർഷക സംരക്ഷണ സമിതിയുടെ സമരം സമാധാനപരമായി നടന്നു. ബാരിക്കേഡിനകത്തായിരുന്നു കർഷകരുടെ സമരം. നെല്ലുവില കിട്ടാതെ കടക്കെണിയിലായ കർഷകർ ഭിക്ഷയെടുത്തായിരുന്നു സമരം ചെയ്തത്.
അണപൊട്ടിയ
പ്രതിഷേധം
എന്നാൽ, യുഡിഎഫ് നേതൃത്വത്തിൽ നടന്ന സമരം അക്രമാസക്തമായി. നിരവധി പേർക്കു പരിക്കേറ്റു. രാവിലെ 11.15ഓടെയാണ് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ മന്ത്രിമാർ പങ്കെടുത്ത കുട്ടനാട് താലൂക്ക് അദാലത്തിലേക്കു യുഡിഎഫ് മാർച്ച് ആരംഭിച്ചത്. സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ്, മണ്ഡലം പ്രസിഡന്റ് ജോഷി കൊല്ലാറ തുടങ്ങിയവർക്കും പരിക്കേറ്റു.
ഡിവൈഎസ്പി ബിജു വി.നായർ അടക്കം പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. മാസങ്ങളായിട്ടും നെല്ലുവില കിട്ടാതെ വന്നതോടെ കുട്ടനാട്ടിൽ സമരങ്ങൾ പതിവായിരുന്നു. എന്നാൽ, ഇന്നലെയുണ്ടായ സമരവും സംഘർഷവും വിഷയത്തിനു വലിയ ജനശ്രദ്ധ നേടിക്കൊടുത്തു. സമരം രൂക്ഷമായതോടെ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കർഷകരുടെ
ആവശ്യങ്ങൾ
സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നൽകുക, ഹാൻഡിലിംഗ് ചാർജ് സമ്പൂർണമായി സർക്കാർ നൽകുക, കിഴിവ് കൊള്ള അവസാനിപ്പിക്കുക, വിളനാശ നഷ്ടപരിഹാരം നൽകുക, പമ്പിംഗ് സബ്സിഡി കുടിശിക നൽകുക
രാവിലെ 9.30ന് നെൽകർഷക സംരക്ഷണ സമിതി സെൻട്രൽ കമ്മിറ്റി കൺവീനർ വി.ജെ. ലാലി സമരം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി കൺവീനർ പി.ആർ.സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി പഞ്ചായത്തുതല കോ ഓർഡിറ്റേർമാരായ കെ.ബി.മോഹനൻ, ശർമാജി നീലംപേരൂർ, ജോൺ.സി.ടിറ്റോ, ജോഷി ചമ്പക്കുളം, സന്തോഷ് പറമ്പിശേരി, ഇ.ആർ.രാധാകൃഷ്ണപിള്ള, ജയിംസ് കല്ലൂപ്പാത്ര, കാർത്തികേയൻ കൈനകരി, ലാലിച്ചൻ പള്ളിവാതുക്കൽ, സ്റ്റീഫൻ സി. ജോസഫ്, സിബിച്ചൻ തറയിൽ, ബോബി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നു കുട്ടനാട്ടിൽ പ്രതിഷേധ
മാർച്ച്
മങ്കൊമ്പ്: നെല്ലുവില ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ യുഡിഎഫ് പ്രവർത്തകർ നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിൽ യുഡിഎഫ് പ്രവർത്തകർക്കു നേരേയുണ്ടായ പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഇന്നു കുട്ടനാട്ടിലാകെ പ്രതിഷേധം. കുട്ടനാട് നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലും വൈകുന്നേരം അഞ്ചിനു പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നു യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴച്ചിറ എന്നിവർ അറിയിച്ചു.