റോഡിലെ കുഴികൾ അടയ്ക്കാം, എട്ടു മിനിറ്റിൽ ! ഇന്‍ഫ്രാറെഡ് പാച്ച്വര്‍ക്ക് സംവിധാനം റെഡി
1300577
Tuesday, June 6, 2023 10:41 PM IST
കോട്ടയം: പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത നിലവാരത്തിലുള്ള ബിഎം ബിസി റോഡുകളുടെ പരിപാലനത്തിന് ഇന്‍ഫ്രാറെഡ് പാച്ച് വര്‍ക്ക് സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇന്‍ഫ്രാറെഡ് ടെക്നോളജി ഉപയോഗിച്ച് യൂറോപ്പില്‍ നിര്‍മിച്ച പുതിയ യന്ത്രങ്ങളാണു റോഡിലെ കുഴികള്‍ ശാസ്ത്രീയമായി അടയ്ക്കുന്നതിനായി ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ടെക്നോളജി ഉപയോഗപ്പെടുത്തുന്നതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.
കോട്ടയം കളത്തിപ്പടി യൂറോപ്യന്‍ റോഡ് എക്യുപ്മെന്റ്സ് എന്ന സ്ഥാപനമാണ് യന്ത്രത്തിന്റെ ഇന്ത്യയിലെ വിതരണക്കാര്‍. ഒപിബിആര്‍സി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോട്ടയം മുതല്‍ അങ്കമാലി വരെയുള്ള എംസി റോഡ് ഏഴ് വര്‍ഷത്തേക്കു കുഴികളില്ലാതെ പരിപാലിക്കാനായി ഏറ്റെടുത്തിരിക്കുന്ന പാലായിലുള്ള രാജി മാത്യു ആന്‍ഡ് കമ്പനിയാണു യന്ത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്.
യന്ത്രത്തിന്റെ സമര്‍പ്പണവും പ്രവര്‍ത്തന ഉദ്ഘാടനവും ഇന്നു രാവിലെ ഒമ്പതിന് എംസി റോഡില്‍ കാരിത്താസ് ജംഗ്ഷനില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് പങ്കെടുക്കും.
എട്ടുമിനിറ്റില്‍ കുഴി അടയ്ക്കാം
ചെറിയ നാല് യന്ത്രങ്ങള്‍ അടങ്ങുന്ന യൂണിറ്റാണ് ഇതിലുള്ളത്. വൃത്തിയാക്കിയ കുഴിയും അതിന്റെ പരിസരഭാഗവും 140 ഡിഗ്രിയില്‍ ചൂടാക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടമായി ബിറ്റ്മിന്‍ എമൽഷന്‍ കുഴികളില്‍ സ്പ്രേ ചെയ്യുന്നു. കുഴിയില്‍ നിക്ഷേപിക്കാനുള്ള മിക്സ് 140 ഡിഗ്രി ചൂടില്‍ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്സ് ചേംബര്‍ യന്ത്രങ്ങള്ക്കൊപ്പമുണ്ട്.
ഇതില്‍ നിന്നുമുള്ള മെറ്റീരിയല്‍ പാച്ച് വര്‍ക്ക് ചെയ്യേണ്ട കുഴിയില്‍ നിക്ഷേപിച്ചശേഷം കോംപാക്ടര്‍ ഉപയോഗിച്ച് ശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ കൃത്യമായി ഉറപ്പിക്കുന്നതോടെ പ്രവൃത്തി പൂര്‍ത്തീകരിക്കും. ഒരു സാധാരണ കുഴി അടയ്ക്കുന്നതിന് എട്ട് മിനിട്ട് സമയമാണു വേണ്ടത്. ഗ്യാസ് ഉപയോഗിച്ചാണു മെഷിനറികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കാലങ്ങളായി റോഡിലുണ്ടാകുന്ന കുഴികള്‍ അടയ്ക്കുന്നതിനായി റെഡി മിക്സ് മിശ്രിതമാണ് ഷെല്‍മാക്ക് ഉപയോഗിച്ചു വരുന്നത്.
ഇതു പായ്ക്കറ്റിനുള്ളില്‍ വരുന്ന തണുത്ത മിശ്രിതമായതിനാല്ത്തന്നെ ഉറപ്പിച്ചാലും പഴയ റോഡിലെ ടാറിംഗുമായി ഇഴുകിച്ചേരില്ല. പാച്ച് വര്‍ക്ക് ചെയ്ത ഭാഗം മുഴച്ചുനില്ക്കുകയും ചെയ്യും. ഇത്തരം പാച്ച് വര്‍ക്കുകള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. ചുരുക്കം തൊഴിലാളികളെ മാത്രംവച്ചു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന യൂണിറ്റ് ഒരു പിക്ക് അപ് വാഹനത്തില്‍ കൊണ്ടുനടക്കാന്‍ സാധിക്കുമെന്നതും വലിയ നേട്ടമാണ്.