കൊടുപ്പുന്നക്കാര്ക്ക് മോഹന്ലാലിന്റെ സ്നേഹ സമ്മാനം
1300571
Tuesday, June 6, 2023 10:41 PM IST
എടത്വ: ശുദ്ധജലക്ഷാമത്താല് വലയുന്ന കൊടുപ്പുന്ന നിവാസികള്ക്ക് നടൻ മോഹന്ലാലിന്റെ സ്നേഹ സമ്മാനം. അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റാണ് മോഹന്ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് കൊടുപ്പുന്നക്കാര്ക്ക് സമ്മാനിച്ചത്. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്, സ്കൂളുകള്, ആരാധനാലയങ്ങള് ഉള്പ്പെടെ ആയിരത്തിലധികം ജനങ്ങള്ക്ക് ബിഐഎസ് നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം നല്കാന് പൂര്ണമായും സൗരോര്ജ ഗ്രിഡില് പ്രവര്ത്തിക്കുന്ന പ്ലാന്റിന് കഴിയും.
പ്രതിമാസം ഒന്പതുലക്ഷം ലിറ്റര് കുടിവെള്ളം നല്കാന് ശേഷിയുള്ള പ്ലാന്റാണ് വിശ്വശാന്തിയും ഇവൈജിഡിഎസുമായി ചേര്ന്ന് സ്ഥാപിച്ചത്. ഗുണഭോക്താക്കള്ക്ക് നല്കിയിരിക്കുന്ന ഇലക്ട്രോണിക് കാര്ഡ് ഉപയോഗിച്ച് കുടുംബത്തിന് ആവശ്യമായ ശുദ്ധജലം പ്ലാന്റില്നിന്നും സൗജന്യമായി ശേഖരിക്കാവുന്നതാണ്.
ബാറ്ററികള് ഉപയോഗിക്കാതെ ഗ്രിഡിലേക്കു വൈദ്യുതി നേരിട്ട് നല്കുന്ന സാങ്കേതികവിദ്യയില് പ്രവര്ത്തിക്കുന്നതിനാല് പ്ലാന്റ് സീറോ കാര്ബണ് എമിഷന് ഉറപ്പു നല്കുന്നതോടോപ്പം പൂര്ണമായും പ്രകൃതി സൗഹൃദവുമാണ്. നൂതന സാങ്കേതിക വിദ്യയയുടെ സാധ്യതകള് സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത കേരളത്തിലെ ആദ്യത്തെ പ്ലാന്റാണ് കൊടുപ്പുന്നയില് സ്ഥാപിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ഭൂജലത്തില് സാധാരണയായി കണ്ടുവരുന്നതും ആരോഗ്യത്തിനു ഹാനികരവുമായ ഇരുമ്പ്, കാല്സ്യം, ക്ലോറൈഡ്, ഹെവി മെറ്റല്സ് തുടങ്ങിയവ നീക്കം ചെയ്യുന്നതിനോടൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാക്കാന് കഴിവുള്ളതാണ് പ്ലാന്റ്.
വിശ്വശാന്തി മാനേജിംഗ് ഡയറക്ടര് മേജര് രവി പ്ലാന്റ് ജനങ്ങള്ക്ക് സമര്പ്പിച്ചു. അതോടൊപ്പം കുടിവെള്ള ലഭ്യതയ്ക്കുള്ള ഇലക്ട്രോണിക് കാര്ഡിന്റെ വിതരണം വിശ്വശാന്തി ഡയറക്ടര് സജീവ് സോമന് നിര്വഹിച്ചു. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി ഈ വിധത്തിലുള്ള പ്ലാന്റുകള് കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വിവിധ ഭാഗങ്ങളില് സ്ഥാപിക്കാന് ഉദ്ദേശിക്കുന്നുണ്ടെന്നു അദ്ദേഹം അറിയിച്ചു.
ഇവൈജിഡിഎസ് കേരള സിഎസ്ആര് തലവന് വിനോദ് വി.എസ്., വിശ്വശാന്തി പ്രൊജക്റ്റ് കണ്സള്ട്ടന്റ് അരുണ് കെ, വാര്ഡ് മെമ്പര് ദീപ ഗോപകുമാര് എന്നിവര് പങ്കെടുത്തു.