പോര്‍ട്ട് ഓഫീസിലേക്ക് ഹൗസ്ബോട്ട് ഉടമകളുടെ മാര്‍ച്ചും ധര്‍ണയും
1299507
Friday, June 2, 2023 11:13 PM IST
ആലപ്പുഴ: കേരള ഹൗസ് ബോട്ട് ഓണേഴ്സ് സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ പത്തിന് ആലപ്പുഴ ജില്ലാ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും. വ്യാപാരി-വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. കേരള ഹൗസ് ബോട്ട് ഓണേഴ്സ് സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. അനസ് അധ്യക്ഷനാകും.
സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ 2018ല്‍ നടത്തിയ അദാലത്തിലെ തീരുമാനപ്രകാരം ലൈസന്‍സ് ഫീസ് വാങ്ങിയ ബോട്ടുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് എത്രയും വേഗം ലൈസന്‍സ് നല്‍കുക, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഫീസടച്ച എല്ലാ ഹൗസ്ബോട്ടുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക, ചെയ്യാത്ത കുറ്റത്തിന് ആരോപിക്കുന്ന കുറ്റത്തേക്കാള്‍ വലിയ ശിക്ഷ പിഴയായി ചുമത്തുന്ന തുറമുഖ വകുപ്പിന്റെ കിരാത നടപടികള്‍ അവസാനിപ്പിക്കുക, ഹൗസ്ബോട്ട് മേഖലയുടെ ഉന്നമനത്തിന് ഉതകുന്ന നടപടികള്‍ കൈക്കൊള്ളുക, ഡോക്ക് സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം കായല്‍ത്തീരങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന ഹൗസ്ബോട്ടുകളില്‍നിന്നും വലിയ തുക പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ബി. ബൈജു, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എം.എം. ഷെരീഫ്, സംസ്ഥാന നേതാക്കന്മാരായ കെ.പി. മുരുകേശ്, ടി. വിജയകുമാര്‍, മണിമോഹന്‍, ജില്ലാ സെക്രട്ടറി എസ്. ശരത്ത്, ജമീല പുരുഷോത്തമന് എന്നിവര്‍ പ്രസംഗിക്കും.