മാര്‍ പവ്വത്തില്‍ വിഭാവനം ചെയ്ത ജീവകാരുണ്യനിധി ട്രസ്റ്റ് ആയിരങ്ങള്‍ക്ക് ആശ്വാസമായി
1279389
Monday, March 20, 2023 10:36 PM IST
ചങ്ങനാശേരി: 1972 ഫെബ്രുവരി 13ന് വത്തിക്കാനില്‍വച്ച് ജോണ്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പായില്‍ നിന്ന് അഭിഷേകം സ്വീകരിച്ച് തിരിച്ചെത്തുന്ന പവ്വത്തില്‍ പിതാവിന് ഊഷ്മളമായ ഒരു വരവേല്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ചങ്ങനാശേരിയില്‍ നടക്കുന്നുവെന്നറിഞ്ഞ അദ്ദേഹം പറഞ്ഞു, എനിക്കുവേണ്ടി സ്വീകരണങ്ങള്‍ ഒന്നും ഒരുക്കേണ്ട, സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസം പകരാന്‍ ഉതകുന്ന ഒരു കാരുണ്യസംരംഭം തുടങ്ങിയാല്‍ മതി. ജീവകാരുണ്യനിധി എന്ന മഹാപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം അവിടെനിന്നായിരുന്നു.
എല്ലാവര്‍ഷവും ക്രിസ്തുമസിനോടനുബന്ധിച്ച് അതിരൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടു നടത്തിയ കവര്പിരിവായിരുന്നു അതിന്റെ ധനാഗമമാര്‍ഗം. ഇതിലൂടെ ലഭിച്ച തുക ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സ്വയംതൊഴിലിനുമായി നിര്‍ധനകുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് പിതാവ് നിര്‍ദേശിച്ചു. ഈ മഹനീയ കാരുണ്യസംരംഭം ഇപ്പോള്‍ സേവനത്തിന്റെ 50 സുവര്‍ണവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ഇതിനിടെ, രണ്ട് ബൃഹുത്തായ കാരുണ്യസംരംഭങ്ങള്‍ ജീവകാരുണ്യനിധിയോടു ചേര്‍ക്കപ്പെട്ടു. ഉന്നതപഠനത്തിനു നിര്‍ധനകുടുംബങ്ങളിലെ സമര്‍ഥരായ കുട്ടികളെ സഹായിക്കുന്ന കളര്‍ എ ഡ്രീം ഉന്നത വിദ്യാഭ്യാസനിധിയും നിര്‍ധനകുടുംബങ്ങളെ ഭവനനിര്‍മാണത്തിന് സഹായിക്കുന്ന കളര്‍ എ ഹോം പാര്‍പ്പിട പദ്ധതിയുമാണ് ഈ രണ്ട് മഹത്സംരംഭങ്ങള്. കുട്ടികളെ വിദ്യാഭ്യാസത്തിന് സഹായിക്കുന്നതും ഭവനരഹിതര്‍ക്ക് വീടു നിര്‍മിക്കുന്നതും രോഗികള്‍ക്കു ചികിത്സാസഹായം എത്തിക്കുന്നതും പവ്വത്തില്‍ പിതാവിന്റെ പ്രിയപ്പെട്ട കാരുണ്യമേഖലകളായിരുന്നു.
ഇന്ന് 12 കോടിയിലധികം രൂപ കളര്‍ എ ഡ്രീം പദ്ധതിയിലൂടെ മാത്രം ചെലവഴിക്കപ്പെട്ടിട്ടുണ്ട്. കളര്‍ എ ഹോം പദ്ധതിയിലൂടെ നൂറുകണക്കിന് വീടുകളുടെ നിര്‍മാണവും പുനരുദ്ധാരണവും പ്രതിവര്‍ഷം നടന്നുവരുന്നു. ജീവകാരുണ്യനിധിയുടെയും അഭിവന്ദ്യ പവ്വത്തില്‍ പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലിയുടെയും സ്മാരകമായി 50 ഭവനങ്ങള്‍ നിര്‍മിച്ചു നല്കുകയുണ്ടായി.
ഇതിന്റെ എല്ലാം പിന്നിലെ ചാലകശക്തി അഭിവന്ദ്യ പവ്വത്തില്‍ പിതാവായിരുന്നു. പിതാവിന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ ഈ കാല്‍വയ്പ് പിതാവിന്റെ കാലശേഷവും ആയിരങ്ങള്‍ക്ക് സാന്ത്വനവും ആശ്വാസവും പകരുന്ന അതിരൂപതയുടെ മുഖമായി തുടരുമെന്നതില്‍ സംശയം ഇല്ല.