പുളിങ്കുന്ന് പള്ളിയിലെ മധുരക്കറി തിരുനാൾ
1263110
Sunday, January 29, 2023 10:46 PM IST
കുട്ടനാട്ടിലെ അതിപ്രശസ്തമായ ദേവലായങ്ങളിൽ ഒന്നാണ് പമ്പയാറിന്റെ തീരത്തെ സ്ഥിതി ചെയ്യുന്ന പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി. കന്യകമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയിലെ പ്രധാനപ്പെട്ട ആഘോഷമായിരുന്നു മൂന്നു നോമ്പ്.
മൂന്നു നോമ്പ് പുളിങ്കുന്ന് പള്ളിയിൽ മധുരക്കറി തിരുനാൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നോമ്പു ദിവസം പള്ളിയിലെ പ്രാർഥനയ്ക്കു ശേഷം പ്രത്യേകം തയാറാക്കുന്ന മധുരക്കറി എന്നറിയപ്പെടുന്ന ആഹാരം ആളുകൾക്കു വിളന്പിയിരുന്നു.
കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും ഗർഭകാലവുമായി ബന്ധപ്പെട്ടു സ്ത്രീകൾ നേരുന്ന നേർച്ചകളിൽ പുളിങ്കുന്ന് പള്ളിയിൽ എത്തി മധുരക്കറി ഭക്ഷിക്കാമെന്നു വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. ജാതി മതഭേദമില്ലാതെ ധാരാളം ആളുകൾ ഇതിൽ പങ്കുചേർന്നിരുന്നു. പല അദ്ഭുതപ്രവർത്തനങ്ങൾക്കും ഈ ആഘോഷം കാരണമായിട്ടുള്ളതായി പാരമ്പര്യങ്ങളിൽ പറയപ്പെടുന്നു.
ഒരിക്കൽ വടക്കുംകൂർ രാജാവ് (ചെമ്പകശേരി രാജാവാണ് എന്നൊരു പാഠഭേദവുമുണ്ട്) ഒരു മധുരക്കറിതിരുനാൾ ദിവസം പള്ളിക്കടവിൽകൂടി എഴുന്നെള്ളിപ്പോയപ്പോൾ പള്ളിയിൽ ഒരു ജനാരവം കേട്ടു.
പള്ളിയിലുണ്ടായ ആരവത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ നേർച്ചയ്ക്കു വിളമ്പാറുള്ള മധുരക്കറി തീർന്നതുകൊണ്ടുണ്ടായ സങ്കടമാണെന്നു പള്ളി അധികൃതർ അദ്ദേഹത്തെ ധരിപ്പിച്ചു. ഇതോടെ രാജാവ് കരമൊഴിവാക്കി "കൊക്കാമുപ്പത്' എന്നറിയപ്പെടുന്ന പുഞ്ചനിലം പള്ളിക്കു ദാനം നല്കി. ഈ സ്ഥലമാണ് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സ്ഥാപിക്കാൻ വേണ്ടി പള്ളി സർക്കാരിനു വിട്ടുക്കൊടുത്തത്.
മധുരക്കറിക്കു മുന്പായി ദേവാലയത്തിൽ പ്രത്യേകമായ പ്രാർഥന നടത്തിയിരുന്നു. പുളിങ്കുന്നിലെ പ്രാർഥനകൾ കടുത്തുരുത്തി പള്ളിയിലെയും കൽദായ ഹുദറയിലെയും തന്നെയായിരുന്നു എന്നു രേഖകൾ വെളിവാക്കുന്നു.