പരുമല ടൂറിസം തുരുമ്പെടുത്തു...
1226005
Thursday, September 29, 2022 10:38 PM IST
മാന്നാർ: വിനോദ സഞ്ചാരികളുടെ പറുദീസയാക്കാവുന്ന ദ്വീപാണ് പരുമല. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട് പ്രകൃതി മനോഹരമായ ഈ ഗ്രാമത്തെ ഇനിയും ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
വിനോദ ടൂറിസത്തിനൊപ്പം തന്നെ തീർഥാടന ടൂറിസത്തിനും മെഡിക്കൽ ടൂറിസത്തിനും സാധ്യതയുള്ള പ്രദേശമാണ് പരുമല. പ്രസിദ്ധ തീർഥാടന കേന്ദ്രമായ പരുമല പള്ളിയിലേക്ക് നൂറു കണക്കാനാളുകളാണ് ദിവസേന എ ത്തുന്നത്.
കൂടാതെ പുരാതനവും പൗരാണിക പ്രസിദ്ധവുമായ പനയന്നാർക്കാവ് ദേവീക്ഷേത്രത്തിലേക്കും ദിനംപ്രതി ധാരാളം പേർ എത്തുന്നുണ്ട്. ഇവിടത്തെ കരിമ്പനക്കൂട്ടങ്ങളും ചെമ്മൺപാതയും ശാന്തമായി ഒഴുകുന്ന നദിയുമെല്ലാം കാണുവാൻ പരുമലയിൽ മറ്റാവശ്യങ്ങൾക്കായി എത്തുന്നവർ വരുന്നുണ്ട്.
പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മിഷൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലും ദിനംപ്രതി എത്തുന്നത് നിരവധിയാളുകളാണ്. പരുമലയിൽ ദിനംപ്രതി എത്തുന്ന നൂറു കണക്കിനാളുകൾക്കു പരുമലയുടെ മനോഹാരിത കൂടി നുകരുവാൻ കഴിയുന്ന തരത്തിൽ ടൂറിസം വികസിപ്പിക്കണമെന്ന നിർദേശം ഉയർന്നിട്ട് വർഷങ്ങളായി.
ബോർഡിൽ
ഒതുങ്ങിയ ടൂറിസം
പരുമലയെ ചുറ്റിയുള്ള നദിയുടെ കരഭൂമി അധികവും ദേവസ്വം ബോർഡിന്റെ കൈവശമുള്ളതാണ്. ദേവസ്വം ബോർഡിന്റെ സഹകരണത്താൽ ഒരു ടൂറിസത്തിനു പദ്ധതി തയാറാക്കിയെങ്കിലും ഒരു ബോർഡിൽ മാത്രമായി ഒതുങ്ങി. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ബോട്ടിംഗ് ഉൾപ്പെടെയുള്ളവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. തീർഥാടന ടൂറിസവും മെഡിക്കൽ ടൂറിസവും വിനോദ ടൂറിസവും ഒരുപോലെ നടപ്പിലാക്കാവുന്ന സംസ്ഥാനത്തെ ഏക ഗ്രാമമാണ് പരുമല.