ചാവറയച്ചൻ വിദ്യാഭ്യാസ പുരോഗതിക്കു നാന്ദികുറിച്ച വ്യക്തി: ഗോവ ഗവർണർ
1225599
Wednesday, September 28, 2022 10:48 PM IST
എടത്വ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിദ്യാഭ്യാസപ്രവര്‍ത്തനം തമസ്കരിക്കപ്പെടരുതെന്നു ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന പ്രബോധനമാണ് കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിക്കു നാന്ദി കുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ വര്‍ഷം റോഡപകടത്തില്‍ മരിച്ച് ഒന്‍പത് അവയവങ്ങള്‍ ദാനം ചെയ്ത അമ്പിളി ശിവപ്രസാദിന്റെ പുത്രന് സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി അനന്തു ശിവപ്രസാദിനെയും കുടുംബാംഗങ്ങളെയും ആദരിക്കുന്ന പൊതുസമ്മേളനവും സ്കൂളില്‍ രൂപീകരിച്ചിരിക്കുന്ന ഷേക്സ്പിയര് നാടകവേദി അലോഷ്യന്‍ സ്ട്രാറ്റ്ഫോര്‍ഡ് സ്റ്റേജിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, അസിസ്റ്റന്റ് മാനേജര്‍ ഫാ. എബി പുതിയാപറമ്പില്‍, ട്രസ്റ്റി ജോസഫ് തോമസ് കുന്നേല്‍, സേവ്യര്‍ മാത്യു നെല്ലിക്കല്‍, ടോം ജെ. കൂട്ടക്കര എന്നിവര്‍ പ്രസംഗിച്ചു. അനന്തു ശിവപ്രസാദിനും കുടുംബത്തിനും ഗവര്‍ണര്‍ പ്രശംസാപത്രം നല്കി. അലോഷ്യന്‍ സ്ട്രാറ്റ്ഫോര്‍ഡ് സ്റ്റേജിന്റെ ലോഗോ ഡയറക്ടര്‍ എന്‍.ജെ. ജോസഫ് കുഞ്ഞ് നൊച്ചുവീട്ടിലിനു നല്കി ഗവര്‍ണര്‍ പ്രകാശനംചെയ്തു.
ആർച്ച്ബിഷപ്പും അനന്തു ശിവ പ്രസാദും ചേര്‍ന്നു സമ്മേളന സ്മാരകമായി മാങ്കോസ്റ്റിന്‍ വൃക്ഷത്തൈ നട്ടു. കഴിഞ്ഞ ആഴ്ചയില്‍ അമ്പിളി ശിവപ്രസാദിന്റെ കൈദാനമായി സ്വീകരിച്ച ഇറാക്ക് സ്വദേശി യൂസിഫ് ഹസന് സയീദ് അല്‍ സുവൈനിയുടെ കൈപ്പടം ചുംബിക്കുന്ന അനന്തു ശിവപ്രസാദിന്റെ ചിത്രം മലയാള പത്രങ്ങളിൽ വാര്‍ത്തയായിരുന്നു.
ഈ അധ്യയനവര്‍ഷാവസാനം അഞ്ചു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഉള്‍പ്പെടുത്തി പ്രമുഖ ഷേക്സ്പിയര് നാടകമായ ഒഥല്ലോ അവതരിപ്പിക്കും. സംഭാഷണങ്ങള്‍ നേരിട്ടു വിനിമയം ചെയ്താണ് വേദിയില്‍ അവതരിപ്പിക്കുന്നത്.