കൊടുമൺ ജംഗ്ഷനിലെ വെയ്റ്റിംഗ്ഷെഡ് ശോച്യാവസ്ഥയിൽ
1577035
Saturday, July 19, 2025 3:35 AM IST
കൊടുമൺ: എഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന വെയ്റ്റിംഗ് ഷെഡ് ശോച്യാവസ്ഥയിൽ. തിരക്കേറിയ ജംഗ്ഷനിൽ ബസുകളെ ആശ്രയിച്ചു യാത്രചെയ്യുന്ന യാത്രക്കാരും ഏറെയാണ്. ബസ് കാത്തുനിൽക്കുന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമായി വരുന്നവരും അടക്കം ഏറെനേരം ബസ് കാത്തു നിൽക്കേണ്ടിവരുന്നത് ഇടുങ്ങിയ സ്ഥല സൗകര്യമുള്ള വെയ്റ്റിംഗ് ഷെഡിലാണ്. വർഷങ്ങൾക്കു മുന്പ് നിർമിച്ച വെയ്റ്റിംഗ് ഷെഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ഏഴംകുളം - കൈപ്പട്ടൂർ റോഡ് പുനർനിർമാണത്തിനിടെ കൊടുമൺ ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിലെ ഇരിപ്പിടങ്ങൾ മുറിച്ചു മാറ്റി. എന്നാൽ റോഡ് പണി പൂർത്തീകരിച്ചിട്ടും വെയ്റ്റിംഗ് ഷെഡ് പുനർ നിർമിച്ചിട്ടില്ല.
വെയിറ്റിംഗ് ഷെഡ് ഉപയോഗയോഗ്യമാക്കിത്തിർത്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്കേരള കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിജു ജോഷ്വായുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഉന്നതാധികാര സമിതി അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു. ജേക്കബ് ജോർജ് കുറ്റിയിൽ, അനിൽ പി. വർഗീസ്, ജസ്റ്റസ് നാടാവള്ളിൽ, ജേക്കബ് കുറ്റിയിൽ, ഷാജി പ്ലാംകീഴ്, എബി വർഗീസ്, ബാബുജി ജോർജ്, എന്നിവർ പ്രസംഗിച്ചു.