ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ ആദായമെടുത്ത് സുരേഷും റോസിലിനും
1576646
Friday, July 18, 2025 3:42 AM IST
തോമസ് മാത്യു
റാന്നി: ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ അര ഏക്കറിൽ നിന്ന് പൊന്നുവിളയിച്ച് കർഷക കുടുംബം. അത്തിക്കയം കണ്ണംപള്ളി ശാന്തിനിലയത്തിൽ സുരേഷും ഭാര്യ റോസിലിനുമാണ് കഴിഞ്ഞ മൂന്നു വർഷമായി 215 ഓളം ചുവട് ചെടികളിൽ നിന്ന് വർണാഭമായ പഴങ്ങൾ വിറ്റ് കൈനിറയെ ആദായമെടുക്കുന്നത്.
അത്തിക്കയത്തിനു സമീപം വനത്തുംമുറിയിലുള്ള ജെജെ ഗാർഡൻ ഡ്രാഗൺ കൃഷിത്തോട്ടത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സുരേഷ് പരീക്ഷണാർഥം ഈ കൃഷിയിലേക്കു തിരിയുന്നത്. അതിനാൽ തന്നെ പുരയിടത്തിലെ പരമ്പരാഗത കൃഷിയായ റബർ ഉപേക്ഷിച്ചു. പകരം അമ്പതു സെന്റു സ്ഥലത്ത് കോൺക്രീറ്റ് തൂണുകൾ നാട്ടി ഡ്രാഗൺതൈകൾ നട്ടുപിടിപ്പിച്ചു.
തികച്ചും ജൈവരീതിയിൽ തൈകൾ പരിപാലിച്ചതിന്റെ ഫലമായി യാതൊരു കലർപ്പുമില്ലാത്ത ഡ്രാഗൺ പഴങ്ങൾ ലഭിച്ചു തുടങ്ങുകയായിരുന്നു. ഇതിനുള്ള തൈകളും കോൺക്രീറ്റ് തൂണുകളും സാങ്കേതിക സഹായവും മറ്റും ജെജെ ഗാർഡനിൽ നിന്നും ലഭിച്ചു.
വർഷത്തിൽ ആറുമാസമാണ് വിളവെടുപ്പെങ്കിലും മറ്റു കൃഷികളോടു താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തെ വരുമാനം ആറു മാസം കൊണ്ടു ലഭിക്കും. കൃഷിയിനത്തിൽ ഇവർക്ക് ചെലവായ തുകയെല്ലാം നേരത്തേ തന്നെ കിട്ടി. യഥേഷ്ടം കായ്ഫലം ലഭിച്ചാലും അവയെല്ലാം വിറ്റഴിക്കപ്പെടുമെന്ന് സുരേഷ് പറയുന്നു.
ഫലങ്ങൾ പാകമാകുമ്പോൾ കച്ചവടക്കാർ സ്ഥലത്തു വന്ന് കൊണ്ടുപോകുന്നുണ്ട്. അതിനും പുറമേ നാട്ടിലെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ജെ. ജെ ഗാർഡനോടനുബന്ധിച്ച് സമീപ കർഷകരുടെ ഡ്രാഗൺ പഴങ്ങൾ ഏറ്റെടുത്ത് വിറ്റഴിക്കാനുള്ള സൗകര്യവും അതിന്റെ ഉടമ കെ.എസ്. ജോസഫ് ചെയ്തിട്ടുണ്ട്.
പ്രദേശത്തെ ചെറുകിട കർഷകർക്ക് ഏറെ പ്രയോജനപ്രദമായ ക്രമീകരണമാണിത്. കിലോഗ്രാമിന് 200 രൂപ വരെ മൊത്തവില ലഭിച്ചിരുന്നു ഇപ്പോൾ 140 -150 രൂപ വരെയാണ് മൊത്ത വില. എന്നാൽ ചില്ലറ മാർക്കറ്റിൽ 200 - 240 രൂപയോളം വില വ്യാപാരികൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നുണ്ട്.