ഭാര്യാമാതാവിനോടു പക തീര്‍ത്ത് മരുമകൻ; കൊലപാതകം മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചെന്ന് പോലീസ്
1576649
Friday, July 18, 2025 3:42 AM IST
റാന്നി: അഞ്ചുവര്‍ഷമായി ഭാര്യയുമായി പിണക്കത്തില്‍ കഴിയുകയായിരുന്ന യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ പകയെന്നു പോലീസ്. എരുമേലി തുമരംപാറ കണ്ണിമല പുളിക്കരയില്‍ എൻ. എസ്. സുനിലാണ് (കണ്ണൻ, 38) ഭാര്യാ മാതാവ് വെച്ചൂച്ചിറ ചാത്തന്‍തറ അഴുത കോളനിയില്‍ കിടാരത്തില്‍ വീട്ടില്‍ ഉഷാമണിയെ ( 54) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മണ്‍വെട്ടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്.
സംഭവത്തിനുശേഷം സ്ഥലത്തു തങ്ങിയ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ഉഷയുടെ മകളായ നിഷയുടെ ഭര്‍ത്താവാണ് സുനിൽ.
ഇന്നലെ ഉച്ചകഴിഞ്ഞു ഉഷയുടെ വീട്ടിലെത്തിയ ഇയാൾ, വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, സിറ്റൗട്ടില്‍ വച്ച് കൈകൊണ്ട് പലതവണ മുഖത്തും തലയ്ക്കും ഉഷാമണിയെ അടിക്കുകയും ചെയ്തു. മുറ്റത്തേക്ക് ഇറങ്ങി ഓടിയ ഉഷയുടെ പിന്നാലെ എത്തിയ ഇയാള്‍ മുറ്റത്തിരുന്ന മണ്‍വെട്ടി എടുത്ത് പലപ്രാവശ്യം തലയില്‍ ശക്തിയായി അടിച്ചു. തലയോട് പൊട്ടിയാണ് മരണം.
ഉഷയുടെ ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. പപ്പട കച്ചവടവും മറ്റും ചെയ്ത് കഴിഞ്ഞു വരികയായിരുന്നു. ഉഷയുടെ മൂത്ത മരുമകനാണ് സുനിൽ. ഉഷയും നിഷയും മക്കളും ഒന്നിച്ച് താമസിച്ചു വരികയാണ്. സുനിലിന് മേസ്തിരിപ്പണിയാണ് . നിഷ ഭര്‍ത്താവുമായി പിണങ്ങി അഞ്ചു വര്‍ഷമായി അമ്മയുടെ കൂടെ താമസിക്കുകയാണെന്ന് പറയുന്നു. സുനില്‍ വല്ലപ്പോഴും മക്കളെ കാണാന്‍ വരാറുണ്ട്. നിഷ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.
കൊലപാതകം നടക്കുമ്പോള്‍ ഇളയമകള്‍ ഐശ്വര്യ വീട്ടില്‍ ഉണ്ടായിരുന്നു. നിഷയെ സുനിലിന്റെ കൂടെ വിടാതെ വീട്ടില്‍ താമസിപ്പിക്കുന്നതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോടു പറഞ്ഞു. സുനിലിനും നിഷയ്ക്കും 12 ഉം എട്ടും വയസുള്ള രണ്ടു കുട്ടികളാണ് ഉള്ളത്.
സുനില്‍ ചെന്നൈയില്‍ നിന്നും വന്നിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഉഷയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.