ജനറൽ ആശുപത്രി സംവിധാനങ്ങൾ മാറ്റുന്നതിന് എച്ച്എംസി അംഗീകാരം
1577029
Saturday, July 19, 2025 3:22 AM IST
ബി ആൻഡ് സി ബ്ലോക്ക് അറ്റകുറ്റപ്പണികൾ നവംബറിൽ പൂർത്തിയാകുമെന്ന് മന്ത്രി
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ ബി ആൻഡ് സി ബ്ലോക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി. 23നകം ബി ആൻഡ് സി ബ്ലോക്കിലെ ശസ്ത്രക്രിയ യൂണിറ്റുകൾ കോന്നി മെഡിക്കൽ കോളജിലെത്തിച്ച് പ്രവർത്തിപ്പിച്ചു തുടങ്ങുമെന്നും നവംബറിൽ കെട്ടിടം പൂർത്തീകരിച്ച് ഉപകരണങ്ങൾ തിരികെ എത്തിക്കുമെന്നും മന്ത്രി വീണാ ജോർജ് യോഗത്തെ അറിയിച്ചു.
പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങളായ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസ്ഥിരോഗവിഭാഗം, ജനറൽ സർജറി, ഇഎൻടി എന്നിവയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്.കോന്നി മെഡിക്കൽ കോളജുമായി ചേർത്ത് ഇവ ഒറ്റ യൂണിറ്റായി പ്രവർത്തിപ്പിക്കും. ഒപി വിഭാഗം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുമെങ്കിലും ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിലായിരിക്കും.
ഗൈനക്കോളജി വിഭാഗം പ്രവർത്തനം പൂർണമായി മെഡിക്കൽ കോളജിലാകും. ജനറൽ ആശുപത്രിയിൽ നിന്നു ഡോക്ടർമാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലേക്ക് നിയമിക്കും. 47 ഹെഡ്നഴ്സുമാരടക്കമുള്ളവരെയും മെഡിക്കൽ കോളജിലേക്ക് താത്കാലികമായി മാറ്റും.
ആശുപത്രി മാറ്റം സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ വിശദമായ ഉത്തരവിറക്കിയിട്ടുണ്ട്. ജനറൽ ആശുപത്രി ഒപിയിൽ ചികിത്സയ്ക്കെത്തുന്നവരിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ സൗജന്യമായി ആംബുലൻസിൽ അവിടെ എത്തിക്കാനാണ് തീരുമാനം.
ജനറൽ ആശുപത്രിയിൽ എച്ച്എംസി നിയോഗിച്ചിട്ടുള്ള കരാർ ജീവനക്കാരുടെ ജോലി സംബന്ധിച്ച് പഠിക്കുന്നതിനും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായ വിഷയം പരിശോധിക്കാനുമായി ഒന്പതംഗം സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ആശുപത്രിയിലെ ഒരു ഡോക്ടർക്കെതിരേ ഉയർന്ന കൈക്കൂലി ആരോപണങ്ങൾ സംബന്ധിച്ച് എച്ച്എംസി യോഗത്തിൽ ആരോപണമുയർന്നു.