ഓണക്കാല കാഴ്ചകളും നാട്ടറിവുകളും: സെമിനാർ നടത്തി
1450982
Friday, September 6, 2024 3:17 AM IST
പ്രമാടം: ഓണക്കാലത്തെ ജൈവ സാംസ്കാരിക വൈവിധ്യ കാഴ്ചകളും നാട്ടറിവുകളും എന്ന വിഷയത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ജൈവ വൈവിധ്യ ക്ലബ് സെമിനാർ സംഘടിപ്പിച്ചു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പത്തനംതിട്ട ജില്ലാ ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് മെംബറും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ആർ. അഭിലാഷ് സെമിനാർ നയിച്ചു.
നാട്ടിൻപുറങ്ങളിൽ ഓണക്കാലത്ത് പുഷ്പ സമൃദ്ധി ഒരുക്കുന്ന തുമ്പ, മുക്കുറ്റി, നന്ത്യാർവട്ടം, കരിംകൂവളം, കണ്ണാംതളി തുടങ്ങി നിരവധി സസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സെമിനാർ ചർച്ച ചെയ്തു.
കണ്ണൂർ ജില്ലയിലെ "മാടായിപ്പാറ'യിൽ ഓണക്കാലത്ത് കാഴ്ചയുടെ വസന്തം തീർക്കുന്ന കാക്കപ്പൂവുകളെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്ക് പുതുമ പകർന്നു.
ഓണക്കാലത്തെ സ്ഥിരസാന്നിധ്യമായ ഓണത്തുമ്പികളെക്കുറിച്ചും പണ്ടുകാലത്ത് ഊഞ്ഞാൽ ഇടാൻ ഉപയോഗിച്ചിരുന്ന അതുമ്പ് എന്ന സസ്യത്തിന്റെ വള്ളികളെക്കുറിച്ചുമൊക്കെ കൂടുതൽ മനസിലാക്കാൻ ക്ലബ് അംഗങ്ങൾക്ക് കഴിഞ്ഞു.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറിൽ പ്രിൻസിപ്പൽ പി.കെ. അശ്വതി, ക്ലബ് കോ-ഓർഡിനേറ്റർ ടി.ആർ. ഗീതു, അധ്യാപകരായ കെ.ജെ. ഏബ്രഹാം, സ്റ്റാലിൻ, എലിസബത്ത് ജോർജ് എന്നിവർ പ്രസംഗിച്ചു.