ഡോ. സ്വാമിനാഥന് കുട്ടനാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനി: മാര്‍ പെരുന്തോട്ടം
1339080
Friday, September 29, 2023 12:01 AM IST
ചങ്ങനാശേരി: കുട്ടനാടിന്റെ ഹൃദയഭാഗത്തുള്ള മങ്കൊമ്പ് എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച്, കൃഷിയെയും കര്‍ഷകനെയും സ്നേഹിച്ചു വളര്‍ന്ന്, തന്റെ അറിവും കഴിവും ജീവതം മുഴുവനും കര്‍ഷക ഭാരതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ചെലവഴിച്ച മഹത് വ്യക്തിത്വമായിരുന്നു ഡോ. എം.എസ്. സ്വാമിനാഥനെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയിലെ കൃഷിരീതികളെ പുതിയ തലങ്ങളിലെത്തിക്കാനും രാജ്യത്തെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിക്കാനും ധാന്യോത്പാദനം പതിന്മടങ്ങ് വര്‍ധിപ്പിച്ച് ജനകോടികളുടെ പട്ടിണി മാറ്റാനും അദ്ദേഹം നിമിത്തമായി.
കുട്ടനാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ മഹാജ്ഞാനിയായിരുന്ന അദ്ദേഹം വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ്, ഡോ. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് എന്നിവ കുട്ടനാടിന്റെ നിരവധിയായ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നവയായിരുന്നു. ചങ്ങനാശേരി അതിരൂപതയോടും കുട്ടനാട്ടിലെ കര്‍ഷകരോടും അദ്ദേഹം എന്നും ഹൃദയബന്ധം സൂക്ഷിച്ചിരുന്നു.
അദ്ദേഹത്തെ പലപ്രാവശ്യം നേരില്‍ കാണുവാനും കാര്‍ഷികപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാനും അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.