മ്ലാവിനെ കൊന്നു വില്പന നടത്തിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
1298073
Sunday, May 28, 2023 10:54 PM IST
പത്തനംതിട്ട: മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ സംഭവത്തിൽ രണ്ടു പേരെ വനപാലകസംഘം അറസ്റ്റു ചെയ്തു.
നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷൻ (50), ചിറ്റാർ തെക്കേക്കര പുളിമൂട്ടിൽ രാജൻ(62) എന്നിവരാണ് പിടിയിലായത്.വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടർന്നായിരുന്നു അന്വേഷണം. കരിമാൻതോട് പൂച്ചക്കുളം വനമേഖലയോടു ചേർന്ന് ജനവാസ മേഖലയിൽ പ്രതികൾ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊല്ലുകയും ജഡം കശാപ്പ് ചെയ്ത് ഇറച്ചിയാക്കി നാല് ചാക്കുകകളിൽ കടത്തുകയുമായിരുന്നു. ചിറ്റാർ മേഖലയിൽ എത്തിച്ച് മാംസം വില്പന നടത്തിയതായും പ്രതികൾ വനപാലകർക്ക് മൊഴി നൽകി.
ഇവരിൽനിന്നു മ്ലാവ് ഇറച്ചി വാങ്ങിയവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരേയും നിയമ നടപടി ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കശാപ്പ് ചെയ്തതിനു ശേഷം വനത്തിനുള്ളിലെ തോടിനു സമീപം കുഴിച്ചിട്ടിരുന്ന മ്ലാവിന്റെ തലയും കാലും ഉൾപ്പെടുന്ന അവശിഷ്ടങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പിടിയിലായവർക്കു പുറമേ മേലേ പൂച്ചക്കുളം വനമേഖലയോടു ചേർന്നു താമസിക്കുന്ന അനിൽ കുമാറും ഇയാളുടെ രണ്ട് സുഹൃത്തുക്കളും കൂടി സംഭവത്തിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുള്ളതായി വടശേരിക്കര ഫോറെസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷ് പറഞ്ഞു.
വേട്ടയുടെ സൂത്രധാരൻ അനിൽകുമാർ ആണെന്നും നേരത്തെ നായാട്ട് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ മ്ലാവിനെ കൊല്ലാൻ ലക്ഷ്യമിട്ട് പടക്കകെണി ഒരുക്കി എന്നുമാണ് വനം വകുപ്പിന്റെ നിഗമനം.
റേഞ്ച് ഓഫീസർ കെ. വി. രതീഷ് ന്റെ നേതൃത്വത്തിൽ തണ്ണിത്തോട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. റെജികുമാർ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. ഷിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. കെ. ഗോപകുമാർ, എ. എസ്. മനോജ്, ബിഎഫ്ഒ മാരായ എം.എസ്. ഷിനോജ്, ജി. ബിജു അമൃത ശിവരാമൻ, ആദിത്യ സദാനന്ദൻ, ആമിന എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.