പ​ത്ത​നം​തി​ട്ട: വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തും ആ​ത്മ​ബ​ല​വു​മു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ നാ​മം വ​ഹി​ക്കു​ന്ന പ​ത്ത​നം​തി​ട്ട രൂ​പ​ത രൂ​പീ​കൃ​ത​മാ​യി​ട്ട് 15 വ​ര്‍​ഷ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് 95ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്.

2012ലെ ​പു​ന​രൈ​ക്യ വാ​ർ​ഷി​കം പ​ത്ത​നം​തി​ട്ട​യി​ലാ​യി​രു​ന്നു. 13 വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷമാണ് വീ​ണ്ടും ഈ ​മ​ണ്ണി​ൽ സ​ഭാ​സം​ഗ​മം. 2010 ജ​നു​വ​രി 25ന് ​പ​ത്ത​നം​തി​ട്ട രൂ​പ​ത രൂ​പീ​കൃ​ത​മാ​യ​ത്. 1930 സെ​പ്റ്റം​ബ​ര്‍ 20 ന് ​ന​ട​ന്ന വി​ഖ്യാ​ത​മാ​യ പു​ന​രൈ​ക്യ​പ്ര​സ്ഥാ​ന​ത​തി​ന്‍റെ എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ന​ട​ത്തി​യ​ത് പ​ത്ത​നം​തി​ട്ട​യി​ലെ പെ​രു​നാ​ട്ടി​ലു​ള്ള ബ​ഥ​നി ആ​ശ്ര​മ​ത്തി​ല്‍ വ​ച്ചാ​ണ്.

കോ​ന്നി, സീ​ത​ത്തോ​ട്, റാ​ന്നി​പെ​രു​നാ​ട്, പ​ത്ത​നം​തി​ട്ട, പ​ന്ത​ളം എ​ന്നീ വൈ​ദി​ക ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന 100 ഇ​ട​വ​ക സ​മൂ​ഹ​ങ്ങ​ളി​ലൂ​ടെ പ​ത്ത​നം​തി​ട്ട രൂ​പ​ത മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഈ ​അ​നു​ഗ്ര​ഹീ​ത മ​ണ്ണി​ല്‍ സു​വി​ശേ​ഷ​ത്തിനു സാ​ക്ഷ്യം വ​ഹി​ക്കു​ന്നു.

സാ​ന്ത്വ​ന​ത്തി​ന്‍റെ​യും ക​രു​ണ​യു​ടെ​യും ക​രു​ത​ല്‍ ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ, വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ന​ല്‍​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളി​ലൂ​ടെ, സ​ഹോ​ദ​രീ​സ​ഭ​ക​ളോ​ടും ഇ​ത​ര മ​ത​ങ്ങ​ളോ​ടും പു​ല​ര്‍​ത്തു​ന്ന സൗ​ഹാ​ര്‍​ദ ബ​ന്ധ​ങ്ങ​ളി​ലൂ​ടെ, പ​ത്ത​നം​തി​ട്ട രൂ​പ​ത ഇ​തി​നോ​ട​കംത​ന്നെ ക്രി​സ്തു​വി​ന്‍റെ ക​രു​ണ​യു​ടെ മു​ഖ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെന്നു രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.