നടപടിക്കു ശിപാർശ
1592825
Friday, September 19, 2025 3:32 AM IST
പത്തനംതിട്ട: പത്തനംതിട്ട പോക്സോ കേസ് അട്ടിമറിയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ശിപാർശ. തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ, ആറന്മുള സിഐ വി.എസ്. പ്രവീൺ എന്നിവർക്കെതിരേ നടപടി സ്വീകരിക്കാനാണ് ആഭ്യന്തരവകുപ്പിന് ഡിജിപി ശിപാർശ നൽകിയിരിക്കുന്നത്.
പോലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചു, കേസിലെ പ്രതിയായ അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തി എന്നിങ്ങനെയാണ് ഇവർക്കെതിരേയുള്ള കണ്ടെത്തലുകൾ. നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് കോന്നി ഡിവൈഎസ്പിയായിരുന്ന രാജപ്പൻ റാവുത്തറയും സിഐ ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യുസി ചെയർമാനെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു.
പതിനാറുകാരി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാനെത്തിയ അഭിഭാഷകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
കേസിൽ പ്രതി ചേർക്കപ്പെട്ട അഭിഭാഷകൻ മുൻകൂർ ജാമ്യംതേടി സുപ്രീംകോടതി വരെ ഹർജി നൽകിയിരിക്കുകയാണ്. അഭിഭാഷകനെ സഹായിക്കുന്ന നടപടികൾ തുടക്കംമുതൽ പോലീസിന്റെയും സിഡബ്ല്യുസിയുടെയും ഭാഗത്തു നിന്നുണ്ടായെന്ന ആക്ഷേപം ഉയർന്നതിനേ തുടർന്നാണ് നടപടികളുണ്ടായത്.