പെരുന്പെട്ടി പട്ടയം : തീരുമാനം അട്ടിമറിച്ച് അർഹരെ കുടിയിറക്കാൻ വീണ്ടും നീക്കം
1592554
Thursday, September 18, 2025 3:46 AM IST
ഉദ്യോഗസ്ഥരുടെ ഗൂഢനീക്കം പ്രതിഷേധം ശക്തം
പത്തനംതിട്ട: പെരുമ്പട്ടിയിലെ കുടിയേറ്റ മേഖല റവന്യുഭൂമിയാണെന്നു വ്യക്തമായതിനെത്തുടർന്ന് പട്ടയ വിതരണ നടപടി പുരോഗമിക്കുമ്പോൾ തടസവാദങ്ങളുമായി ഉദ്യോഗസ്ഥതല നീക്കം. നൂറ്റാണ്ടു മുമ്പ് 102 ഹെക്ടർ വരുന്ന റവന്യുഭൂമിയിൽ വീടുവച്ച് കൃഷി ചെയ്തുവരുന്ന കർഷകരോട് 1971ന് മുമ്പു മുതൽ അവിടെ താമസിച്ചു വരികയാണെന്നു വ്യക്തമാക്കുന്ന രേഖകൾ കൂടി ഹാജരാക്കണമെന്നാണ് പെരുമ്പെട്ടി വില്ലേജ് അധികൃതരുടെ പുതിയ ആവശ്യം. ഭൂമിയെ സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കണമത്രേ.
എട്ടു തലമുറ മുമ്പു കുടിയേറിയ ഭൂമിക്ക് എന്തു രേഖ എന്നാണ് കർഷകരുടെ മറുചോദ്യം. സ്വന്തമായി മേൽവിലാസവും റേഷൻ കാർഡും ഉണ്ട്. പക്ഷേ, ഇതൊന്നും രേഖകളായി പരിഗണിക്കാൻ റവന്യുവകുപ്പ് തയാറല്ല. കേരള സംസ്ഥാന രൂപീകരണം മുതൽ ഇതേ മേൽവിലാസത്തിൽ സമ്മതിദാനാവകാശം ഉപയോഗിക്കുന്നവരാണ് കർഷകർ.
പട്ടയം നിഷേധിക്കാനോ?
102 ഹെക്ടർ വരുന്ന റവന്യുഭൂമിയിൽ 548 പേർക്കാണ് പട്ടയം നൽകാനാകുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ നല്ലൊരു ശതമാനം കുടുംബങ്ങൾക്കും പട്ടയം നിഷേധിക്കാനാണ് വില്ലേജ് ഓഫീസിന്റെ ശ്രമമെന്നാണ് ആരോപണം. 649 അപേക്ഷകളാണ് പട്ടയത്തിനായി ലഭിച്ചിരുന്നത്. ഇതിൽ നിന്നാണ് 548 പേരെ കണ്ടെത്തിയത്.
അസാധ്യമായ രേഖകൾ ഹാജരാക്കണമെന്നു പറഞ്ഞ് അർഹരെ കുടിയിറക്കാനാണ് നീക്കമെങ്കിൽ പട്ടയ വിതരണം ബഹിഷ്കരിക്കുമെന്നു സമര സമിതി വ്യക്തമാക്കി. ഇത്രയും കാലം വനഭൂമിയുടെ ഭാഗമാണ് കൈവശഭൂമിയെന്നതായിരുന്നു വാദം. ഡിജിറ്റൽ സർവേയിലൂടെയും മറ്റും വനഭൂമി കൃത്യമായി മാറ്റിയിട്ട് കർഷക ഭൂമിക്കു പട്ടയം നൽകാനാണ് റവന്യുമന്ത്രി നിർദേശിച്ചത്.
കർഷകരുടെ സ്വന്തം ഭൂമി
പൊന്തൽപുഴ- വലിയ കാവ് റിസർവ് വനത്തോടുചേർന്നു കിടക്കുന്ന മേഖലയായതിനാൽ 1958 മുതൽ കർഷകരുടെ കൈവശഭൂമി വനംവകുപ്പ് അനധികൃതമായി പിടിച്ചുവച്ചിരിക്കുകയായിരുന്നു. അതിനാലാണ് ഒന്നാം കേരള നിയമസഭയുടെ കാലംമുതൽ 14 -ാം നിയമസഭയുടെ കാലംവരെ പട്ടയ വിതരണത്തിന് തടസം നേരിട്ടത്. എന്നാൽ, അടുത്തയിടെ നടന്ന ഡിജിറ്റൽ സർവേയിൽ വനം സുരക്ഷിതമാണെന്നും കർഷകരുടെ ഭൂമി റവന്യു പുറമ്പോക്ക് തരിശ് ആണെന്നും വ്യക്തമായി. അതോടെയാണ് വനംകൈയേറ്റം ആണെന്ന തെറ്റിദ്ധാരണ ഒഴിവായത്.
വനഭൂമിയാണെന്ന് കരുതി നേരത്തെ ഈ ഭൂമിയിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. അതേത്തുടർന്ന് പരിവേഷ് പോർട്ടലിൽ തെറ്റായവിധം പെരുമ്പെട്ടിയിലെ കർഷകരുടെ 104 ഹെക്ടർ ഭൂമി ഉൾപ്പെടുത്തി, അടിസ്ഥാന നികുതി രേഖയിൽ കർഷക ഭൂമി സംരക്ഷിത വനമാണെന്നു തെറ്റായി രേഖപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണ് 747 കുടുംബങ്ങളുടെ ജീവിതം പട്ടയം നൽകാതെ താറുമാറാക്കിയത്. ഇതിനാലാണ് ഭൂമി കൈവശപ്പെടുത്തിയതിന്റെ കാലപ്പഴക്കം തെളിയിക്കുന്ന രേഖകൾ കർഷകരുടെ പക്കൽ ഇല്ലാതായത്.
തർക്കങ്ങൾ പലവഴിക്ക്
1958-ൽ വനംവകുപ്പ് തയാറാക്കിയ സ്കെച്ചിൽ 274.72 ഏക്കർ വനഭൂമി കൈയേറ്റമായി രേഖപ്പെടുത്തിയിരുന്നു. അതിനു മുന്പുതന്നെ പെരുമ്പെട്ടി വില്ലേജിലെ സർവ 283/1-ൽ 274.72 ഏക്കർ റവന്യു സ്ഥലമാണെന്നു വ്യക്തമാകുകയും ആളുകൾ താമസിച്ചുവന്നതുമാണ്. പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ള 747 കൈവശക്കാർ, പഴയ സർവേ 283/1 ൽ ഉൾപ്പെട്ട 252 ഏക്കറിൽ മാത്രമാണ് താമസിക്കുന്നതെന്നും ഇത് നോക്കിയാൽ വ്യക്തമാകും. മുഴുവൻ കൈവശവും 1971 ഓഗസ്റ്റ് ഒന്നിനു മുന്പുള്ളതാണെന്ന് സമർഥിക്കാൻ മറ്റ് തെളിവുകളുടെ ആവശ്യം ഇല്ല.
കൈവശത്തിന്റെ പഴക്കം നിശ്ചയിക്കാൻ ആധാരം ഹാജരാക്കാൻ കർഷകർക്കു കഴിയില്ല. കാരണം വനഭൂമിയാണെന്ന തെറ്റിദ്ധാരണയിൽ ഈ ഭൂമി രജിസ്റ്ററാക്കിക്കൊടുക്കാൻ പാടില്ലെന്നു ഡിഎഫ്ഒമാർ കാലാകാലങ്ങളിൽ രജിസ്ട്രാർക്കു നിർദേശം നൽകിയിരുന്നു.
200 വർഷത്തെ കൈവശം ഉള്ളവർക്കുപോലും ആധാരം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ട്. മാത്രമല്ല കൈവശഭൂമിക്ക് എവിടെയാണ് ആധാരം എന്ന ചോദ്യവും കർഷകർ ഉന്നയിക്കുന്നു. ഭൂമി ഇടപാടുകൾ നടന്നാൽ മാത്രമേ ആധാരം ഉണ്ടാകൂ എന്ന സാമാന്യബുദ്ധി പോലും റവന്യു അധികൃതർക്ക് ഇല്ലാതെ പോയെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
ഒഴിവാക്കൽ തന്ത്രം
കൈവശത്തിന്റെ കാലം 1971നു മുന്പാണെന്നോ ശേഷമാണെന്നോ എന്നു നിർണയിക്കാൻ ആധാരങ്ങളെ അടിസ്ഥാനമാക്കരുതെന്നും കർഷകർ ആവശ്യപ്പെട്ടു. മുരടിച്ചുകിടന്ന ഒരു പ്രദേശത്തുള്ളരോട് 1971 നു മുന്പുള്ള എസ്എസ്എൽസി ബുക്ക്, ജനന സർട്ടിഫിക്കറ്റ് ഇവയുടെ കോപ്പി ചോദിക്കുന്നത് അവരെ പട്ടയ വിതരണത്തിൽനിന്ന് ഒഴിവാക്കാൻ മാത്രമേ ഇടയാക്കൂ.
നട്ടുവളർത്തിയ ഫലവൃക്ഷങ്ങളുടെ പ്രായം, മണ്ണ് തലമുറകളായി കൃഷിയോഗ്യമാക്കിയതിന്റെ അടയാളങ്ങൾ, പുരയുടെ പഴക്കം, തുടങ്ങിയ നിരവധി കാര്യങ്ങൾ മഹസർ തയാറാക്കിയപ്പോൾ ഉദ്യോഗസ്ഥർക്ക് ബോധ്യം വന്നിരുന്നതാണ്.
ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.