പാത്രിയർക്കീസ് ബാവയ്ക്കു തിരുവല്ല അതിഭദ്രാസന ആസ്ഥാനത്തു സ്വീകരണം
1592820
Friday, September 19, 2025 3:32 AM IST
തിരുവല്ല: അന്ത്യോക്യൻ സുറിയാനി കത്തോലിക്ക സഭാ അധ്യക്ഷൻ യൂസഫ് യൂഹാനോൻ തൃതീയൻ പാത്രിയർക്കീസ് ബാവ തിരുവല്ല അതിഭദ്രാസന ആസ്ഥാനമായ മേരിഗിരി അരമന സന്ദർശിച്ചു. അടൂരിൽ നടക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സംഗമത്തിന്റെ മുഖ്യാതിഥിയായാണ് ഇഗ്നാത്തിയോസ് യൂസഫ് യൂഹാനോൻ തൃതീയൻ ബാവ എത്തിയിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം തിരുവല്ല അതിഭദ്രാസന ആസ്ഥാനത്തെത്തിയ ബാവയെയും തിരുസംഘത്തിലെ അംഗങ്ങളെയും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും ഇതര സഭകളിലെ മെത്രാന്മാരും അനേകം വൈദികരും ചേർന്നു സ്വീകരിച്ചു.
ആർച്ച്ബിഷപ് മാർ എഫ്രേം യൂസഫ് അബ്ബ, ബിഷപ് മാർ ബർണബ യൂസഫ് എന്നിവരും വൈദികരും സിസ്റ്റേഴ്സും അടക്കം 14 അംഗ സംഘമാണ് പാത്രിയർക്കീസ് ബാവയ്ക്കൊപ്പമുള്ളത്.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ക്നാനായ സഭയിലെ കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് തുടങ്ങിയവരും വൈദികരും സന്നിഹിതരായിരുന്നു.
സ്നേഹോപഹാരമായ ആറന്മുള കണ്ണാടി കാതോലിക്കാ ബാവ പാത്രിയർക്കീസ് ബാവയ്ക്കു സമ്മാനിച്ചു.