ശാസ്ത്രമേഖലയിൽ ഇന്ത്യ കൈവരിച്ചത് വൻനേട്ടം: ഡോ.എസ്. സോമനാഥ്
1592553
Thursday, September 18, 2025 3:46 AM IST
തിരുവല്ല: ശാസ്ത്ര മേഖലയിൽ പിന്നാക്കാവസ്ഥയിൽ നിന്നും വികസിത രാജ്യങ്ങളെ മറികടക്കുന്ന അവസ്ഥയിലേക്ക് മുന്നേറാനും ഒരു മേശയ്ക്കു ചുറ്റുമിരുന്നു ശാസ്ത്ര വിഷയങ്ങൾ ചർച്ച നടത്തുന്നതിനും സാധിക്കുന്ന രീതിയിൽ ഇന്ത്യ വളർന്നതായി ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്. തിരുവല്ല മാർത്തോമ്മാ ആസ്ഥാനത്ത് സഭയുടെ ശാസ്ത്ര അവാർഡായ ആറ്റുമാലിൽ ജോർജുകുട്ടി മെറിറ്റ് അവാർഡ് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണത്തിനും സംരംഭകത്വത്തിനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സോമനാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൈവറ്റ് കമ്പനികളും തമ്മിൽ ബന്ധം ഉണ്ടാകുന്നത് പ്രയോജകരമായിരിക്കും.
തിരവല്ല മാർത്തോമ്മാ സഭാ കൗൺസിൽ ചേംബറിൽ നടന്ന സമ്മേളനത്തിൽ കമ്മിറ്റി ചെയർമാൻ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അവാർഡുദാനം നിർവഹിച്ചു.
യുവ ശാസ്ത്രജ്ഞനുള്ള അവാർഡ് ധൻബാദ് ഐഐറ്റി (ഐഎസ്എം) അസിസ്റ്റന്റ് പ്രഫസർ ഡോ.ബോധിസത്വ ഹസ്റയ്ക്കു നൽകി. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, സീനിയർ വികാരി ജനറാൾ റവ. മാത്യു ജോൺ, വൈദിക ട്രസ്റ്റി റവ.ഡേവിഡ് ഡാനിയേൽ, അല്മായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് , കേണൽ ഡോ.ജോൺ ജേക്കബ് ആറ്റു മാലിൽ എന്നിവർ പ്രസംഗിച്ചു.
ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ് അലീ ഡാ ആൻ ജോർജ്, എൻ. നിയാസ്, മഹിത സാറാ സാം, അമ്മു റെജികുമാർ എന്നിവർക്ക് നൽകി. പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കുള്ള സാറാമ്മ ജോൺസ് ഫിലൻത്രോപ്പിക് അസിസ്റ്റൻസ് വി. ഉദയകൃഷ്ണനും സഞ്ചന സണ്ണിക്കും ജീവകാരുണ്യ സ്ഥാപനത്തിനുള്ള ഉപഹാരം മഞ്ഞാലുംമൂട് സ്നേഹതീരത്തിനും നൽകി.