ചരിത്രവഴിയിലെ നിഖ്യ സൂനഹദോസ്; 1700 -ാം വാർഷികം പുനരൈക്യ വേദിയിൽ
1592821
Friday, September 19, 2025 3:32 AM IST
പത്തനംതിട്ട: സാർവത്രിക ക്രൈസ്തവ സഭ കൂട്ടായ്മയെ സംബന്ധിച്ചു സുപ്രധാനമായ വിശ്വാസ ബോധ്യങ്ങൾക്കും വഴിത്തിരിവുകൾക്കും വഴിതെളിച്ച ഒന്നാണ് 1700 ാം വാർഷികം ആഘോഷിക്കുന്ന നിഖ്യാ സൂനഹദോസ്. എഡി 325 ൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ ഒന്നാമന്റെ നേതൃത്വത്തിലാണ് ആര്യൻ പാഷണ്ഡതയ്ക്കെതിരായി ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലായ ഒന്നാം നിഖ്യാ സൂനഹദോസ് വിളിച്ചുചേർത്തത്.
1700 വർഷം മുന്പു നടന്ന ഈ ചരിത്ര കൂട്ടായ്മയെ അനുസ്മരിച്ചാണ് 95-ാമത് പുനരൈക്യ വേദിയിൽ മലങ്കര കത്തോലിക്കാ സഭ നിഖ്യ സുന്നഹദോസിന്റെ വാർഷികം വിവിധ എപ്പിസ്കോപ്പൽ സഭകളിലെ ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
അടൂർ ഓൾ സെയ്ന്റ് സ്കൂളിലെ മാർ ഈവാനിയോസ് നഗറിൽ ഇന്നു വൈകുന്നേരം 5.30 ന് നിഖ്യാ സൂനഹദോസിന്റെ വാർഷികം മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്യും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സിബിസിഐ വൈസ് പ്രസിഡന്റ് ഡോ.ജോസഫ് മാർ തോമസ്, വിവിധ സഭകളെ പ്രതിനിധീകരിച്ച് മാത്യുസ് മാർ തേവോദോസിയോസ്(യാക്കോബായ), മാർ ജോർജ് മഠത്തികണ്ടത്തിൽ (സീറോ മലബാർ), ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ (ലത്തീൻ), ഡോ. മലയിൽ സാബു കോശി ചെറിയാൻ (സിഎസ്ഐ), കുര്യാക്കോസ് മാർ ഈവാനിയോസ് (ക്നാനായ). ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ (ഓർത്തഡോക്സ്) എന്നിവർ പങ്കെടുക്കും.
photo:
അടൂർ മാർ ഈവാനിയോസ് നഗറിൽ പുനരൈക്യ വാർഷിക സംഗമത്തോടനുബന്ധിച്ച ബൈബിൾ കൺവൻഷനിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചന സന്ദേശം നൽകുന്നു.