നഷ്ടമായതിനെ പ്രാർഥനയിലൂടെ തിരികെപിടിക്കണം: കർദിനാൾ മാർ ക്ലീമിസ് ബാവ
1297508
Friday, May 26, 2023 10:52 PM IST
അടൂർ: നഷ്ടപ്പെട്ട ആനന്ദത്തെയും സൗഖ്യത്തെയും പ്രാർഥനയിലൂടെ തിരികെപിടിക്കാനാകണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മലങ്കര കത്തോലിക്ക സഭ അടൂർ വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ അങ്കണത്തിൽ ആരംഭിച്ച ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാർഥനയിലൂടെ വ്യക്തിജീവിതങ്ങൾ ശുദ്ധീകരിക്കപ്പെടണം. ദൈവവുമായുള്ള ആത്മബന്ധത്തിൽ പ്രാർഥനകൾക്കു ഫലം ലഭിക്കും. ദൈവത്തിൽ നിന്നും നമ്മെ അകറ്റുന്നവയെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കാനും മാനസാന്തരത്തിന്റെ അനുഭവത്തിലേക്കു കടന്നുവരാൻ തയാറാകണമെന്നും കാതോലിക്ക ബാവ പറഞ്ഞു.
മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചു വരുന്നത് ഭാവിതലമുറയ്ക്കു ദോഷമുണ്ടാക്കും. തലമുറകളെ നഷ്ടപ്പെടുന്നതിനെയോർത്ത് നിസംഗത പാലിക്കാൻ നമുക്ക് അവകാശമില്ലെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ജനറാൾ ജോൺ കാരവിള കോർ എപ്പിസ്കോപ്പ, ഫാ. ജോൺ വിളയിൽ, ഫാ.ഡോ. ശാന്തൻ ചരുവിൽ, ഫാ. ആന്റണി പയ്യപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.