തൊഴിൽ ഉറപ്പ്; കൂലി ഇല്ല
1246012
Monday, December 5, 2022 10:37 PM IST
പത്തനംതിട്ട: ചെയ്ത ജോലിക്ക് എന്തുകൊണ്ട് കൂലി നൽകുന്നില്ലെന്ന ചോദ്യവുമായി ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. രണ്ടുമാസമായി പത്തനംതിട്ട ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം മുടങ്ങിയിരിക്കുകയാണ്. തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്പോട്ടു കൊണ്ടുപോയിരുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ പട്ടിണിയിലായത്.
പ്രതിദിനം 331 രൂപയാണ് കൂലി. ജോലി ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ കൂലി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതുണ്ടാകാറില്ല. പകരം ഒരു മാസത്തെ വേതനം പിറ്റേമാസത്തെ ജോലിയുടെ കണക്ക് നൽകുന്പോഴെങ്കിലും എത്തുമായിരുന്നു. എന്നാൽ ഒക്ടോബർ മുതൽ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നതേയില്ല.
73,000 തൊഴിലാളികൾ
73000 തൊഴിലാളികളാണ് തൊഴിലുറപ്പ് മേഖലയിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇവരിൽ 90 ശതമാനവും സ്ത്രീകളാണ്. ഇരുപത് ലക്ഷത്തോളം തൊഴിലാളികൾ കേരളത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നുണ്ട്.
തൊഴിലുറപ്പ് ജോലിയ്ക്കായുള്ള സാധനസാമഗ്രികൾക്കടക്കം ശരാശരി 143 കോടി രൂപയാണ് ഒരു വർഷം തൊഴിലുറപ്പ് പദ്ധതിയ്ക്കായി ജില്ലയിൽ ചെലവാകുന്നത്. വേതനത്തിന് മാത്രമായി 112 കോടി രൂപയാണ് അനുവദിക്കുന്നത്.
ഒരു വർഷം നൂറ് തൊഴിൽ ദിനങ്ങളാണ് ഒരാൾക്ക് അനുവദിച്ചിട്ടുള്ളത്. നാട്ടിൽ കാട് വെട്ടിതെളിയ്ക്കുക, കിണർ കുഴിയ്ക്കുക, കുളം കുഴിക്കുക, കൃഷിയിടങ്ങൾ ഉപയോഗയോഗ്യമാക്കുക, കൃഷിപ്പണികൾ നടത്തുക തുടങ്ങിയവ തൊഴിലാളികൾ ഏറ്റെടുത്തു ചെയ്യുന്നുണ്ട്.
കൂലി നൽകാൻ ഫണ്ടില്ല
തൊഴിലുറപ്പ് പദ്ധതി കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ളതാണ്. ഇക്കൊല്ലം അനുവദിച്ച തുക തീർന്നതാണ് കൂലി മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു. പുതിയ ഫണ്ടിന് കേന്ദ്ര അനുമതി ലഭിക്കേണ്ടതുണ്ട്. ഒരുമാസത്തിനകം ഫണ്ട് ശരിയാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് ഇപ്പോൾ പണം എത്തുന്നത്. എല്ലാദിവസവും പ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ.
ചെറുപ്പക്കാർ മുതൽ പ്രായമുള്ളവർ പദ്ധതിയിലുണ്ട്. പലരും മരുന്നും മറ്റ് പ്രതിദിന ആവശ്യങ്ങലും നിർവഹിച്ചിരുന്നത് ഈ പണം ഉപയോഗിച്ചാണ്. പരാശ്രയമില്ലാതെ കഴിയുന്നവരും മക്കളെ പഠിപ്പിക്കുന്നവരുമടക്കം ഇക്കൂട്ടത്തിലുണ്ട്. ഇക്കൊല്ലെത്ത് നൂറു തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചവരാണ് ഏറെപ്പേരും.