ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിനാണ് പ്രാധാന്യം: മന്ത്രി ആർ. ബിന്ദു
1225248
Tuesday, September 27, 2022 10:44 PM IST
തിരുവല്ല: ഉന്നത വിദ്യാഭ്യാസരംഗത്തു ഗവേഷണത്തിനു പ്രാധാന്യം നൽകുന്നത് രാഷ്ട്രപുരോഗതിക്ക് അനിവാര്യമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവല്ല മാക്ഫാസ്റ്റ് കോളജിൽ മാനേജ്മെന്റ് സ്റ്റഡീസിലും ബയോ സയൻസസിലും മഹാത്മാഗാന്ധി സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മാക്ഫാസ്റ്റ് കോളജിൽ നടന്ന യോഗത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. മാക്ഫാസ്റ്റിന്റെ ഗ്രീൻ വെബ്സൈറ്റ് ആന്റോ ആന്റണി എംപി പ്രകാശനം ചെയ്തു. മാക്ഫാസ്റ്റ് ഇൻഫർമേഷൻ സംവിധാനത്തിന്റെ പുതുക്കിയ പതിപ്പിന്റെ ഉദ്ഘാടനം എംജി സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. ഷാജിലബീവി നിർവഹിച്ചു.
ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ചെറിയാൻ ജെ. കോട്ടയിൽ, റിസർച്ച് ഡയറക്ടർ ഡോ. കെ.ആർ. സുകുമാരൻ നായർ, അഡ്മിനിസ്ട്രേറ്റർ പ്രഫ. വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.