പ്ലാക്കാട്ടുകുളം സംരക്ഷിക്കാനായി സായാഹ്ന ധർണ സംഘടിപ്പിച്ചു
1512034
Friday, February 7, 2025 6:07 AM IST
ചവറ: ചരിത്ര പുരാതനമായ പ്ലാക്കാട്ടുകുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്ലാക്കാട്ട് ജലാശയ തീരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷൻ ചുമതലയിൽ 58 ലക്ഷം നബാർഡ് ഫണ്ടും സുജിത്ത് വിജയൻ പിള്ള എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ട് 23 ലക്ഷവും ഉപയോഗപ്പെടുത്തി മനോഹരമാക്കിയ പ്ലാക്കാട്ടുകുളവും കുമ്പളത്ത് ശങ്കുപിള്ള സ്മാരക പാർക്കും ജീർണാവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന് സിപിഎം ആരോപിച്ചു.
പന്മന പഞ്ചായത്ത് ഭരണസമിതി കുളം സംരക്ഷിക്കാൻ യാതൊന്നും ചെയ്യുന്നില്ല. പാർക്കിലെ എഫ്എം റേഡിയോ പ്രവർത്തന രഹിതമാണ്. ലൈറ്റുകൾ പലതും അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ കത്തുന്നില്ല , കുളത്തിന് ചുറ്റുമുള്ള ഇന്റർലോക്കുകൾ ഇടിഞ്ഞു താഴ്ന്നു.
കുളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും നിറയുന്നു. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്. കുളത്തിന്റെ സംരക്ഷണ വികസനവും പന്മന പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
സിപിഎം മനയിൽ, കുരീത്തറമുക്ക് ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സായാഹ്ന ധർണ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. സലീം അധ്യക്ഷനായി.
കമ്മിറ്റി സെക്രട്ടറി അഹമ്മദ് മൻസൂർ, ആർ. രവീന്ദ്രൻ, എൽ. വിജയൻ നായർ. കെ.എ. നിയാസ്, എസ്. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.