തൊഴിലിടങ്ങളിലെ അമിത സമ്മര്‍ദം ഒഴിവാക്കണം: എസ്. ജയമോഹന്
1461424
Wednesday, October 16, 2024 5:15 AM IST
കൊല്ലം: തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ നേരിടുന്ന അമിത സമ്മര്‍ദവും ജോലി ഭാരവും അടിച്ചേല്പിക്കുന്ന തൊഴിലുടമകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കാഷ്യു ഡവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് എസ്. ജയമോഹന്.
കൊല്ലം ശ്രീനാരായണ സാംസ്ക്കാരിക സമുച്ചയത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷിതത്വ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായശാലകളില്‍ പലതിലും തൊഴില്‍ നിയമങ്ങൾ പാലിക്കുന്നില്ല. പിഎഫ്, ഇഎസ്ഐ തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍പോലും നിഷേധിക്കുന്നു. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതം പല തൊഴിലുടമകളും ഇഎസ്ഐ ഓഫീസുകളില്‍ അടയ്ക്കുന്നില്ല.
എല്ലാ തൊഴിലാളികള്‍ക്കും നിയമപരമായ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ്. വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഒരുക്കണമെന്ന നിയമം പലരും പാലിക്കുന്നില്ല.ഐടി കമ്പനികളില്‍ പലതും തൊഴില്‍ നിയമം പാലിക്കാതെ തൊഴിലാളികളെ മാനസിക സംഘര്‍ഷത്തിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ അനില്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സജിത്, വിപിന്‍ എന്നിവര്‍ ക്ലാസെടുത്തു.