ജനശതാബ്ദി എക്സ്പ്രസിൽ ഇന്നുമുതൽ എൽഎച്ച്ബി കോച്ചുകൾ
1461422
Wednesday, October 16, 2024 5:15 AM IST
കൊല്ലം: തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (കോട്ടയം) ഇന്നുമുതൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തി സർവീസ് തുടങ്ങും. തിരിച്ചുള്ള കണ്ണൂർ-തിരുവനന്തപുരം എക്സ്പ്രസ് നാളെ മുതലും എൽഎച്ച്ബി കോച്ചുകളിൽ ഓടും.
നീല നിറത്തിലുള്ള കോച്ചുകളാണ് ഇരു ദിശകളിലും ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനായി കൊണ്ടുവന്ന ഒഴിഞ്ഞ റേക്കുകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ തിരക്കൊഴിഞ്ഞ ട്രാക്കിൽ നിർത്തിയിട്ടിരിക്കയായിരുന്നു. ഇവ ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്തിന് കൊണ്ടുപോയി.
ആധുനിക സാങ്കേതിക വിദ്യക്കനുസരിച്ച് നിർമിച്ചതാണ് എൽഎച്ച്ബി കോച്ചുകൾ. സാധാരണ ഐസിഎഫ് കോച്ചുകളേക്കാൾ സുരക്ഷിതമാണ്.ആന്റി -ക്ലൈംബിംഗ് ഫീച്ചർ എന്ന സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ന്യൂമാറ്റിക് ഡിസ്ക് ബ്രേക്ക് സിസ്റ്റവും ഏർപ്പെടുത്തിയിട്ടുണ്ട്. നവീകരിച്ചതും മെച്ചപ്പെട്ടതുമായ സസ്പെൻഷൻ സംവിധാനം ഉള്ളതിനാൽ സുഖപ്രദമായ യാത്രയും പ്രദാനം ചെയ്യുന്നു.
പുതിയ കോച്ചുകളിൽ മികച്ച ഇന്റീരിയർ ഡിസൈനിംഗ് സംവിധാനമുണ്ട്. ലൈറ്റിംഗും ഏറെ മെച്ചപ്പെട്ടതാണ്. കഴിഞ്ഞ മാസം 29 മുതൽ ജനശതാബ്ദിയിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നാണ് റെയിൽവേ ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ ഇന്നു മുതൽ സർവീസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.