കല്ലട ജലോത്സവം ദേശീയ ഉത്സവമാക്കി മാറ്റും: മന്ത്രി ജെ. ചിഞ്ചുറാണി
1460949
Monday, October 14, 2024 5:34 AM IST
കുണ്ടറ: കല്ലടയാറ്റിൽ 52 വർഷം മുൻപ് തുടങ്ങിവച്ച കല്ലട ജലോത്സവം ദേശീയ ഉത്സവമാക്കി മാറ്റുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൺട്രോത്തുരുത്തിലെ കല്ലടയാറ്റിൽ നടന്ന കല്ലട ജലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കല്ലട ജലോത്സവം മൺറോ തുരുത്തിന് ഉത്സവമായി മാറി.
ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ മൺറോതുരുത്തിന്റെ ടൂറിസം പദ്ധതി തിലകക്കുറിയായി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വരുംവർഷം ഇരുപത്തിയെട്ടാം ഓണത്തിന് ചുണ്ടൻവള്ളങ്ങളെ മത്സരിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കല്ലടയിലെ ജനങ്ങളുടെ ഉത്സവമായ കല്ലട ജലോത്സവം മൺട്രോത്തുരുത്ത് കിഴക്കേ കല്ലട പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി ഇരുപത്തിയെട്ടാം ഓണം നാളിൽ പുനരാരംഭിക്കുകയായിരുന്നു.
ജലമേളക്ക് പഞ്ചായത്ത് പ്രസിഡന്റും ജലോത്സവ കമ്മിറ്റി ചെയർപേഴ്സണുമായ മിനിസൂര്യകുമാർ പതാക ഉയർത്തി. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സജിത്ത് ശിങ്കാരപള്ളി റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗതസംഘം ചെയർമാൻ സുരേഷ് ആറ്റുപുറം ടീമുകളെ പരിചയപ്പെടുത്തി. ജലഘോഷയാത്ര പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു . ശിക്കാര വള്ളങ്ങളുടെ ഘോഷയാത്ര പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, കിഴക്കേകല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി, സിപിഐ കുന്നത്തൂർ മണ്ഡലം സെക്രട്ടറി അഡ്വ. സി.ജി. ഗോപുകൃഷ്ണൻ, ജനപ്രതിനിധികളായ ടി. ജയപ്രകാശ്, പ്രമീള പ്രകാശ്, സോഫിയ പ്രകാശ്, മായാ നെപ്പോളിയൻ, ഉല്ലാസ് കോവൂർ തുടങ്ങിയവർ പ്രസംഗിച്ചു.