മാധ്യമപ്രവർത്തകൻ തിരയിൽപ്പെട്ടു മരിച്ചു
1460802
Sunday, October 13, 2024 11:41 PM IST
പരവൂർ: അഴിമുഖത്ത് കൂട്ടുകാരോടൊപ്പം കുളിയ്ക്കാനിറങ്ങിയ പ്രാദേശികമാധ്യമപ്രവർത്തകൻ തിരയിൽപ്പെട്ടു മരിച്ചു. പരവൂർ കുറുമണ്ടൽ കളരിയിൽ കിഴക്കതിൽ ശിവരാജന്റെയും ശാന്തയുടെയും മകൻ ശ്രീകുമാർ (48) ആണ് മരിച്ചത്. എസിവിന്യൂസ്, പരവൂർ ന്യൂസ് എന്നിവയിലും കേരളകൗമുദിയിൽ പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. വീഡിയോഗ്രാഫറായിരുന്നു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് ശ്രീകുമാർ കൂട്ടുകാർക്കൊപ്പം വർക്കല കാപ്പിൽ അഴിമുഖത്ത് എത്തിയത്. ഇടവ- നടയറ കായലും അറബിക്കടലും തമ്മിൽ ചേരുന്ന സ്ഥലമാണിത്. കടലിന് സമീപത്തെ കായലിൽ കുളിക്കാനിറങ്ങി.
അടിയൊഴുക്കിൽപ്പെട്ട ശ്രീകുമാറിനെ ശക്തമായ തിരകൾ കടലിലേയ്ക്ക് കൊണ്ടുപോയി. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾകൂടി തിരയിൽ പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കളടക്കം എട്ടംഗ സംഘമാണു കുളിക്കാനെത്തിയതെന്നു പറയുന്നു. വിവരമറിഞ്ഞ ഉടനെ ആയിരുർ എസ്ഐ രജിതിന്റെ നേതൃത്വത്തിൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. രാത്രി തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ തെരച്ചിൽ തുടരുമ്പോൾ പത്തോടെ ഇടവ ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുണെന്നാണു രക്ഷാപ്രവർത്തകർ പറഞ്ഞത്.
അയിരൂർ പോലീസ് കേസെടുത്തു നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം പരവൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: നിഷ. മക്കൾ: ശ്രീഭദ്ര, ശ്രീബാല.