സുരേഷ് ഗോപിക്ക് ഇൻഫന്റ് ജീസസ് സ്കൂളിൽ വരവേല്പ് നൽകി
1460478
Friday, October 11, 2024 5:39 AM IST
കൊല്ലം: കേന്ദ്ര പെട്രോളിയം പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപിക്ക് മാതൃവിദ്യാലയമായ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഗംഭീര വരവേല്പ് നൽകി.
കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശേരി, മുൻ പ്രിൻസിപ്പൽ മോൺ.റവ.ഡോ. ഫെർഡിനാന്റ് കായാവിൽ, പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി, സ്കൂൾ ലോക്കൽ മാനേജർ ഫാ. ക്രിസ്റ്റഫർ ഹെൻട്രി, പൂർവ വിദ്യാർഥി പ്രതിനിധി നൗഷാദ് യൂനസ്, പിടിഎ പ്രസിഡന്റ് പൂജാ ഷിഹാബ്, ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി, വൈസ് പ്രിൻസിപ്പൽ ജസ്റ്റീന ജോൺസൻ, അലുമ്നി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു.
സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ദീപം തെളിച്ച് നിർവഹിച്ചു. കൊല്ലം രൂപതാധ്യക്ഷനും സ്കൂൾ മാനേജരുമായ ഡോ. പോൾ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി, സ്കൂൾ മുൻ പ്രിൻസിപ്പൽ റവ. ഡോ. ഫെർഡിനാന്റ് കായാവിൽ, സ്കൂൾ ലോക്കൽ മാനേജർഫാ. ക്രിസ്റ്റഫർ ഹെൻട്രി, പൂർവ വിദ്യാർഥി പ്രതിനിധി നൗഷാദ് യൂനസ്, സുരേഷ് ഗോപിയുടെ1974 പത്താംക്ലാസ് ബാച്ച് പ്രതിനിധി ഡോ. വസന്ത് കുമാർ സാംബശിവൻ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, പിടിഎ പ്രസിഡന്റ് പൂജാ ഷിഹാബ്, അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ക്ലോഡിയസ് പീറ്റർ എന്നിവർ പ്രസംഗിച്ചു.
താലപ്പൊലിയുടെ നീണ്ട നിരയും ചെണ്ടവാദ്യാഘോഷവും സ്കൂൾ ബാൻഡും മുന്നിൽ അണിനിരന്നു. വിദ്യാർഥികൾ വഴിത്താരയുടെ ഇരുവശങ്ങളിലും വർണക്കടലാസുകളുയർത്തി അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
സ്വീകരണ സമ്മേളനത്തിനു മുമ്പായി ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി പുതിയ സ്കൂൾ കെട്ടിടം മാട്രി ഡി ബ്ലോക്കിന്റെ തറക്കല്ല് ആശിർവദിച്ചു. മന്ത്രി സുരേഷ് ഗോപി ശിലാസ്ഥാപനം നടത്തി.
രൂപതാ വികാർ ജനറൽ ബൈജു ജൂലിയാൻ, മോൺ. ഫെർഡിനാന്റ് കായാവിൽ, പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി, ഫാ. ക്രിസ്റ്റഫർ ഹെൻട്രി, ഫാ.റൊമാൻസ് ആന്റണി എന്നിവർ ആശിർവാദ ചടങ്ങിൽ പങ്കെടുത്തു.
ഫാത്തിമ മാതാ കോളജിൽ സ്വീകരണം നൽകി
കൊല്ലം: ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പ്രസംഗിക്കാൻ പഠിച്ചതും വേദിയിൽ കയറി നാടകം കളിച്ചതും ഫാത്തിമ കോളജിൽ ആണെന്നും തന്നെ വളർത്തിയെടുത്തതിൽ ഫാത്തിമ കലാലയത്തിന് വലിയ പങ്കുണ്ടെന്നും പൂർവ വിദ്യാർഥിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രീ-ഡിഗ്രി, ഡിഗ്രി, പിജി ക്ലാസുകളിലെ അധ്യാപകരെ പേരെടുത്ത് പറഞ്ഞു പ്രശംസിച്ച് കലാലയ ജീവിതത്തിലെ ഓർമകൾ അദ്ദേഹം പങ്കുവച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ജനപ്രതിനിധികളും കോളജിലെ പൂർവവിദ്യാർഥികളുമായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എൻ.കെ പ്രേമചന്ദ്രൻ എംപി, എം. നൗഷാദ് എംഎൽഎ എന്നിവരെ ആദരിച്ചു.
പ്രഫ. സിന്ധ്യ കാതറീൻ മൈക്കിൾ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി അനുഗ്രഹപ്രഭാഷണം നടത്തി. മൂവരുടേയും അധ്യാപകരായ സീസർ ആന്റണി പ്രസംഗിച്ചു. മാനേജ്മെന്റ്, അധ്യാപകർ, അനധ്യാപകർ, പൂർവ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, വിരമിച്ച അധ്യാപകർ, വിദ്യാർഥികൾ എന്നിവർ മൂവരേയും പൊന്നാടയണിയിച്ച് ആദരിച്ചു. തങ്ങളുടെ അധ്യാപകർക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എൻ.കെ. പ്രേമചന്ദ്രൻ എംപി, എം. നൗഷാദ് എംഎൽഎ എന്നിവർ ആദരവ് നൽകി.
പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയ മോൺ ഏ.ജെ റെസാരിയോ എൻഡോവ്മെന്റ് വിദ്യാർഥികൾക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിതരണം ചെയ്തു. പൂർവ വിദ്യാർഥി സുഹൈൽ ഖുറൈശി സുരേഷ് ഗോപിക്ക് അദ്ദേഹം വരച്ച എണ്ണ ചായ ചിത്രം സമ്മാനിച്ചു.
കോളജ് അങ്കണത്തിൽ തന്റെ ജന്മനക്ഷത്ര വൃക്ഷമായ നീർമരുത് സുരേഷ് ഗോപി നട്ടു. ലോകമാനസികാരോഗ്യ ദിനാചരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. ബിജു മാത്യു, ഡോ. എം.ആർ. ഷെല്ലി എന്നിവർ പ്രസംഗിച്ചു.