ഔദ്യോഗിക ഫ്ലാഗ്ഓഫ് ചടങ്ങ് ഇല്ലാതെ കൊല്ലം - എറണാകുളം മെമുവിന് തുടക്കം
1459697
Tuesday, October 8, 2024 7:12 AM IST
കൊല്ലം: ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും ഇല്ലാതെ പുതുതായി ആരംഭിച്ച കൊല്ലം - മെമു ട്രെയിൻ സർവീസിന് ഇന്നലെ തുടക്കമായി.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ഹ്രസ്വ പ്രസംഗത്തിന് ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് കൃത്യസമയമായ രാവിലെ 5.55ന് വണ്ടി എറണാകുളത്തിന് പുറപ്പെട്ടു.
ഉത്സവകാല സ്പെഷൽ എന്ന ലേബലിൽ താത്ക്കാലിക സർവീസായി മാത്രം ഓടുന്നതിനാലാണ് ഉദ്ഘാടന ചടങ്ങുകൾ റെയിൽവേ അധികൃതർ വേണ്ടെന്നുവച്ചത്. അതിനാൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാരും കൊല്ലത്ത് എത്തിയില്ല.
എംപിമാർക്കു പുറമേ വിവിധ സംഘടനാ ഭാരവാഹികളും നൂറുകണക്കിന് യാത്രക്കാരും ട്രെയിനിന് യാത്രയയപ്പ് നൽകാൻ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു.
ഫ്രണ്ട്സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജെ. ലിയോൺസ്, ബി. പ്രതീഷ് എന്നിവർ എംപിമാരെ ബൊക്കെ നൽകി സ്വീകരിച്ചു. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പരവൂർ സജീബ്, കൺവീനർ ജെ. ഗോപകുമാർ, സന്തോഷ് രാജേന്ദ്രൻ, വിനീത് സാഗർ, നാസിമുദീൻ എന്നിവർ ചേർന്ന് എംപിമാരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാം, എഐസിസി അംഗം അഡ്വ.ബിന്ദു കൃഷ്ണ, കോൺഗ്രസ് നേതാക്കളായ സൂരജ് രവി, ഡി.ഗീതാ കൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു.കൊടിക്കുന്നിൽ സുരേഷ് എംപി മാവേലിക്കര വരെയും എൻ.കെ.പ്രേമചന്ദ്രൻ എംപി പെരിനാട് വരെയും പുതിയ സർവീസിൽ സഞ്ചരിച്ചു.
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സജീവ് പരിശവിളയുടെ നേതൃത്വത്തിൽ മെമു ട്രെയിനിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും വരവേൽപ് നൽകി.
എട്ടു കോച്ചുകൾ ഉള്ള മെമു ട്രെയിനിൽ കൊല്ലം മുതൽ തന്നെ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വണ്ടി കായംകുളം ജംഗ്ഷനിൽ എത്തിയപ്പോഴേയ്ക്കും ഹൗസ്ഫുൾ ആയി. പിന്നീടങ്ങോട്ട് തിരക്കോട് തിരക്കായിരുന്നു.
ആദ്യ ദിവസത്തെ സർവീസിൽ ട്രെയിൻ ഏകദേശം സമയ ക്ലിപ്തത പാലിച്ചു. എറണാകുളത്ത് വണ്ടി മൂന്നു മിനിറ്റ് മാത്രം വൈകി രാവിലെ 9.38 ന് എത്തി.തിരിച്ചുള്ള സർവീസ് 9.50ന് ആരംഭിക്കേണ്ടത് 9.52 നാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.10ന് കൊല്ലത്ത് എത്തുകയും ചെയ്തു. കൊല്ലത്ത് എത്തേണ്ട സമയം 1.30 ആണ്. എന്നാൽ ഇന്നലെ 20 മിനിറ്റ് നേരത്തേ എത്തിച്ചേർന്നു.
അതേ സമയം ഈ ട്രെയിനിന് ഓച്ചിറ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. പിന്നീട് ഇതു സംബന്ധിച്ച് റെയിൽവേയുടെ അറിയിപ്പും വന്നു.
ശനി, ഞായർ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസം നവംബർ 29- വരെ നിലവിൽ ഈ മെമു സർവീസ് നടത്തും. തുടർന്ന് സർവീസ് ദീർഘിപ്പിക്കുമോ എന്ന കാര്യത്തിൽ അധികൃതർ ഒരു ഉറപ്പ് നൽകിയിട്ടില്ല.രാവിലത്തെ പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവയിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനാണ് മെമു സർവീസ് ആരംഭിച്ചത്.
എസ്.ആർ. സുധീർ കുമാർ