ആർഎസ്എസ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം: കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി
1459694
Tuesday, October 8, 2024 7:12 AM IST
കൊല്ലം: ഭാരതത്തിൽ കത്തോലിക്കാ സഭയുടെ വളർച്ചയ്ക്ക് നിർണായക പങ്കു വഹിച്ച ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികശരീരം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആർഎസ്എസ് നടത്തിയ പ്രസ്താവന തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി.
ഗോവയിലെ ആർഎസ്എസ് നേതാവ് സുഭാഷ് വെല്ലിങ്കർ നടത്തിയ പ്രസ്താവന മതേതര ജനാധിപത്യ ഇന്ത്യയിൽ വിദ്വേഷം വിളമ്പുന്നതാണ്. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹത്തിന് എതിരേ കേസെടുക്കണമെന്നും ഭാരതത്തിന്റെ വളർച്ചയ്ക്ക് ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവന ആർഎസ്എസ് നേതാവ് മറന്നുപോകരുതെന്നും യോഗം ഉദ്ഘാടനം ചെയ്ത രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് പറഞ്ഞു.
ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ലെറ്റീഷ്യ, വിൻസി ബൈജു, ജോസഫ് കുട്ടി കടവിൽ, അനിൽ ജോൺ ഫ്രാൻസിസ്, എഡിസൺ അലക്സ്, ഡൽസിആന്റ്ണി, അഡ്വ. നെറ്റോ, ഹാരിസൺ ഹെൻട്രി, സാലി, ഡൊമിനിക്, റോണാ റബേരോ എന്നിവർ പ്രസംഗിച്ചു.