കർഷക സമൂഹത്തെ ചേർത്തുനിർത്തുന്നത് കേരളം: മന്ത്രി: ജി.ആർ. അനിൽ
1459512
Monday, October 7, 2024 6:21 AM IST
കൊല്ലം : കേന്ദ്ര നയങ്ങൾ കർഷകർക്ക് എതിരാണെങ്കിലും കേരളത്തിലെ ഇടത് സർക്കാർ കർഷകരെ ചേർത്തുനിർത്തുന്ന സമീപനങ്ങളാണ് കൈകൊണ്ടിട്ടുള്ളതെന്ന് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു.
കിസാൻ സഭാ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തെ സംബന്ധിച്ച് നെൽകൃഷി സംരക്ഷിക്കുന്നതിന് പ്രത്യേകമായ ഇടപെടലുകൾ സർക്കാർ നടത്തി. ഉത്പാദിപ്പിക്കുന്ന നെല്ലിന് പൂർണമായി സംഭരിക്കാൻ സർക്കാർ സംവിധാനം കേരളത്തിലുണ്ട്. കർഷകൻ ഉത്പാദിപ്പിക്കുന്ന നെല്ലിന് 28.20 രൂപ നൽകി സംഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമാണ്.
നെല്ലുൽപാദനവുമായി ബന്ധപ്പെട്ട് നൽകുന്ന മറ്റ് ആനുകൂല്യങ്ങൾക്ക് പുറമേയാണ് സർക്കാർ താങ്ങു വില നൽകി നെൽക്കർഷകരെ സഹായിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയെ സംരക്ഷിക്കാനും കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ എല്ലാ പിന്തുണയും നൽകി കർഷക സമൂഹത്തെ ചേർത്തുനിർത്തുന്ന സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എംഎൽഎ, ജി.എസ്. ജയലാൽ എംഎൽഎ, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി ലാലു, അഡ്വ.ആർ. വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ. മന്മഥൻ നായർ, ജി.ആർ. രാജീവൻ, എം. സലീം എന്നിവർ പ്രസംഗിച്ചു.
കെ.ആർ. മോഹനൻ പിള്ള പ്രസിഡന്റ്, അഡ്വ. ലെനു ജമാൽ സെക്രട്ടറി എന്നിവർ ഭാരവാഹികളായുള്ള 65 അംഗ ജില്ലാ കമ്മിറ്റിയേയും 55 പേരടങ്ങിയ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.