മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി : ലഹരി മോചന പ്രാർഥനാ ദിനമായി ആചരിച്ചു
1459068
Saturday, October 5, 2024 6:12 AM IST
കൊല്ലം: മദ്യ മയക്കുമരുന്ന് വിപത്തിനെതിരേ സമൂഹ മനസാക്ഷിയെ ഉണർത്താനായി കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത കമ്മിറ്റി ഗാന്ധിജയന്തി ദിനം ലഹരി വിമോചന പ്രാർഥനാ ദിനമായി ആചരിച്ചു. ദിനാചരണം മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ റവ. ഡോ. മിൽട്ടണ്‍ ജോർജ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക പരിവർത്തനത്തിന്റെ ഭാഗമായി മദ്യം നിരോധിക്കണമെന്ന ഗാന്ധിയൻ ആശയത്തെ നിരാകരിക്കുന്ന നയസമീപനം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തെ വാണിജ്യവൽക്കരിക്കുകയും മാന്യവൽക്കരിക്കുകയും ചെയ്യുന്ന സർക്കാരിന്റെ മദ്യനയം കാപട്യവും ജനദ്രോഹവുമാണ്.
ഓരോവർഷവും ഗാന്ധി ജയന്തിദിനത്തിൽ 10 ശതമാനം ബവ്കോ ഔട്ട് ലറ്റുകൾ നിറുത്തലാക്കുമെന്ന മുൻ സർക്കാർ തീരുമാനവും പ്രാദേശിക മദ്യനിരോധനാധികാരവും പുന:സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യവില്പനയിൽ സർവകാല റിക്കാർഡ് സൃഷ്ടിക്കപ്പെട്ടതും മയക്ക്മരുന്ന് വ്യാപനം ഫലപ്രദമായി തടയാൻ സാധിക്കാതിരിക്കുന്നതും സർക്കാർ പൂർണമായി പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
ഭരണഘടന വിഭാവനം ചെയ്യുന്ന സന്പൂർണ മദ്യനിരോധനം നടപ്പിലാക്കുന്നതിനുളള പുതിയ മദ്യനയം ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.ജെ.ഡിക്രൂസ്, അഡ്വ. ഇ.എമേഴ്സണ്‍, ബിനു മൂതാക്കര, ഇഗ്നേഷ്യസ് സെറാഫീൻ, എം. എഫ്. ബർഗ്ലീൻ, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ, സന്തോഷ് സേവ്യർ, ജസ്റ്റിൻ ജോസഫ്, എം. മാനുവൽ എന്നിവർ പ്രസംഗിച്ചു.