താമ്പരം എക്സ്പ്രസ് കൊല്ലം- ചെങ്കോട്ട പാതയിൽ പുനരാരംഭിക്കും
1459058
Saturday, October 5, 2024 6:03 AM IST
കൊട്ടാരക്കര: താംബരം - കൊച്ചുവേളി എസി എക്സ്പ്രസ് സ്പെഷൽ ട്രെയിൻ, പ്രതിവാര സർവീസായി 11 മുതൽ വെള്ളിയാഴ്ചകളിൽ രാത്രി 7.30 ന് താംബരത്തു നിന്ന് യാത്ര തുടങ്ങും. ശനിയാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തിച്ചേരും.
മടക്ക ട്രെയിൻ 13 മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3.25 ന് കൊച്ചുവേളിയിൽ നിന്ന് യാത്ര തുടങ്ങി തിങ്കളാഴ്ച രാവിലെ 7.35 ന് ചെന്നൈ - താംബരത്ത് എത്തിച്ചേരും. 11 മുതൽ ഡിസംബർ 29 വരെയാണ് സ്പെഷൽ സർവീസ് അനുവദിച്ചത്. പൂജ, ദീപാവലി, ശബരിമല മണ്ഡലകാല വിശേഷ ദിവസങ്ങളിൽ സർവീസ് യാത്രക്കാർക്ക് പ്രയോജനപ്രദമാകും. ബുക്കിംഗ് ആരംഭിച്ചു.
കൊല്ലം - ചെങ്കോട്ട റെ യിൽപാതയിലെ ട്രെയിൻ യാത്രക്കാരുടെ അംഗീകൃത സംഘടനയായ കൊല്ലം ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെഎസ്ആർപിഎ ) വിവിധ ജന പ്രതിനിധികളേ യും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ദക്ഷിണ റെയിൽവേ അധികാരികൾ എന്നിവരെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവീസ് ദീർഘിപ്പിച്ച് നൽകിയത്.
ഏറെ താമസിയാതെ താംബരം - കൊച്ചുവേളി ട്രെയിൻ, സ്ലീപ്പർ, ജനറൽ കോച്ചുകൾ ഉൾപ്പെടുത്തി റഗുലർ സർവീസായി ഓടിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ പാസഞ്ചർ അസോസിയേഷൻ (കെഎസ്ആർപിഎ ) മുൻകൈ എടുത്ത് നടത്തിവരുന്നതായി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൻ. ചന്ദ്രമോഹൻ അറിയിച്ചു.