വിലങ്ങാട് ദുരന്തബാധിത പ്രദേശത്തിന് വി കെയർ പാലിയേറ്റീവിന്റെ സഹായം
1458858
Friday, October 4, 2024 5:40 AM IST
കൊല്ലം: പത്തിലധികം വീടുകളും സ്ഥാപനങ്ങളും പൂർണമായും നൂറിലധികം വീടുകളും സ്ഥാപനങ്ങളും ഭാഗികമായും ഉരുൾപൊട്ടലിൽ നശിച്ചുപോയ കോഴിക്കോട് വിലങ്ങാട് പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനായി വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഫണ്ട് കൈമാറി.
കൊല്ലം ചർച്ച് ചാരിറ്റബിൾ ഫെല്ലോഷിപ് ട്രസ്റ്റ്, ഷോട്ടോക്കാൻ കരാട്ടെ ആൻഡ് സ്പോർട്സ് അക്കാദമി, കുരീപ്പുഴ മരിയ ആഗ്നസ് സ്കൂൾ, ജ്വാല വിമൻസ് പവർ, ഇപ്ലോ, കരുതൽ അക്കാദമി എന്നിവയും ഈ പദ്ധതിയിൽ കൈകോർത്തിരുന്നു.
കൊല്ലം ജില്ലയിലെ കിടപ്പുരോഗികൾക്കും കാൻസർ രോഗികൾക്കുമുള്ള ഓണവണ്ടിയോട് ചേർന്നാണ് ഫണ്ട് സംഭരണം നടത്തിയത്.
വിലങ്ങാട് സെന്റ് ജോർജ്സ് ഫെറോണ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. വിൽസൺ മാത്യു വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീടിന്റേയും ട്രഷറർ ബെറ്റ്സി എഡിസന്റേയും പക്കൽ നിന്ന് വിലങ്ങാട് ഡിസാസ്റ്റർ റിലീഫ് ഫണ്ടിലേക്കുള്ള ചെക്ക് സ്വീകരിച്ചു.
വിലങ്ങാട് പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി ജോൺ, വി കെയർ പാലിയേറ്റീവ് വോളന്റിയേസ് ടെറൻസ് ബെർണബാസ്, ലത, റെനിൽ എന്നിവർ ചടങ്ങിൽ പങ്കാളികളായി.